കണ്ണൂർ- ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ ബോഗികൾ പാളം തെറ്റിയ സംഭവം; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കണ്ണൂർ- ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ ട്രെയിൻ ബോഗികൾ പാളം തെറ്റിയ സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഡ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ ആർ ശരത്, പോയിന്റ്സ്മാൻമാരായ കെ സുനിത, കെഎം ഷംന, സുധീഷ് എന്നിവരെയാണ് സസ്പെൻഡ്‌ ചെയ്തത്. സിഗ്നൽ പിഴവാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെയാണ് കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ രണ്ട് ബോഗികൾ ഷണ്ടിങ്ങിനിടെ പാളം തെറ്റിയത്. ശനിയാഴ്‌ച രാവിലെ സർവീസ് നടത്തുന്നതിനായുള്ള ഒരുക്കങ്ങൾക്കിടെ കണ്ണൂർ യാർഡിൽ നിന്ന് ട്രെയിൻ സ്റ്റേഷനിലേക്ക് എത്തിക്കുന്നതിനിടെയാണ് രണ്ട് കോച്ചുകൾ പാളം തെറ്റിയത്. രാവിലെ 5.10ന് കണ്ണൂരിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ പ്ലാറ്റ് ഫോമിലേക്ക് നീക്കുന്നതിനിടെ ആയിരുന്നു അപകടം.

അപകടം നടക്കുമ്പോൾ ട്രെയിനിൽ യാത്രക്കാരില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിനിടെ ട്രെയിൻറെ ഏറ്റവും പിന്നിലായുള്ള രണ്ടു ബോഗികളാണ് പാളം തെറ്റിയത്. ബോഗികൾ പാളം തെറ്റിയപ്പോൾ സിഗ്നൽ ബോക്സ് ഉൾപ്പെടെ തകർന്നു. പ്രധാന പാതയ്ക്ക് സമാന്തരമായുള്ള പാളത്തിലായിരുന്നു സംഭവം നടന്നത്.

ഈ രണ്ട ബോഗികളായും വേർപ്പെടുത്തിയ ശേഷമാണ് ട്രെയിൻ യാത്ര തുടങ്ങിയത്. രാവിലെ 5.10നു പുറപ്പെടേണ്ട ട്രെയിൻ ഒന്നര മണിക്കൂറിലധികം വൈകി 6.43നാണ് കണ്ണൂരിൽ നിന്നു പുറപ്പെട്ടത്. ഇതേ തീവണ്ടിയുടെ രണ്ട് ബോഗികൾ ആണ് മുൻപ് തീ വെപ്പിൽ കത്തിയമർന്നത്.