കേരളത്തിന് അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു; കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നു; കേരളത്തില്‍ പ്രതിസന്ധിയെന്ന് എംവി ഗോവിന്ദന്‍

കേരളത്തിന് അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളം വളരേണ്ടെന്നും ലോകത്തിന് മുന്നില്‍ മാതൃകയാകേണ്ടതില്ലെന്നുമുള്ള കേന്ദ്രത്തിന്റെ നിഷേധാത്മക സമീപനം കേരളം തിരിച്ചറിയുന്നുണ്ട്. കേന്ദ്രം നല്‍കേണ്ട വിഹിതം കൈമാറാത്തതിനാല്‍ ജനങ്ങള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ നല്‍കാന്‍ നമുക്കാവുന്നില്ല. കേന്ദ്രവിഹിതവും കുടിശികയും നല്‍കിയാല്‍ കുടിശികയും നല്‍കാന്‍ കേന്ദ്രം തയ്യാറായാല്‍ കേരളത്തിന്റെ പ്രതിസന്ധികള്‍ തീരും.

സാമ്പത്തിക പ്രതിസന്ധിയില്‍ കരുതലോടെയാണ് കേരളം മുന്നോട്ട് പോകുന്നത്. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇടപെടലുകള്‍ക്കെതിരായ സമരത്തിലേക്കുള്ള ക്ഷണം പ്രതിപക്ഷം രാഷ്ട്രീയകാരണങ്ങളാല്‍ നിരസിച്ചു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളെക്കാള്‍ തങ്ങളുടെ രാഷ്ട്രീയമാണ് വലുതെന്നാണ് പ്രതിപക്ഷം പറയുന്നത്.

ജനവിരുദ്ധമായ നിലപാടാണ് യുഡിഎഫ് സ്വീകരിച്ചിരിക്കുന്നത്. കേന്ദ്ര അവഗണനയെ പ്രതിരോധിക്കാന്‍ ജനങ്ങളുടെ കയ്യിലുള്ള ആയുധം ജനകീയ പോരാട്ടം മാത്രമാണ്. ഉജ്വലമായ ചെറുത്തുനില്‍പ്പിന്റെ ഉജ്വലമുഖമായി ഡിവൈഎഫ്ഐ പ്രഖ്യാപിച്ച മനുഷ്യച്ചങ്ങല മാറി. ജനങ്ങള്‍ ഒറ്റക്കെട്ടയായി അണിചേര്‍ന്നത് കേരളത്തിന്റെ സമരചരിത്രത്തിലെ പുതിയ അധ്യായമായി മാറിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.