അവയവമാറ്റ ശസ്ത്രക്രിയ വൈകിയ സംഭവം; അന്വേഷണത്തിന് ഉത്തരവ്, കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവെച്ച രോഗി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അന്വേഷണത്തിന് ഉത്തരവിട്ടു. അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈകിയെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് അന്വേഷണം. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് അന്വേഷിക്കുക. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംഭവവുമായി ബന്ധപ്പെട്ട് ഉടനെ ഉന്നതതല യോഗം വിളിക്കുമെന്നും വീണാജോര്‍ജ്ജ് പറഞ്ഞു. കൊച്ചിയില്‍ നിന്ന് വൃക്ക എത്തിച്ചിട്ടും ശസ്ത്രക്രിയ നാലുമണിക്കൂര്‍ വൈകിയെന്നാണ് ആരോപണം. വൃക്ക എത്തിച്ചത് ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കാണ്. ശസ്ത്രക്രിയ തുടങ്ങിയത് രാത്രി ഒന്‍പതരയോടെയാണന്നാണ് പരാതി.

രോഗിയുടെ നില അതീവ ഗുരുതരമായിരുന്നു. എട്ട് മണിയോടെ ശസ്ത്രക്രിയ തുടങ്ങിയെന്നും സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം.രോഗി വീട്ടില്‍ നിന്നാണ് എത്തിയത്. അയാളെ ശസ്ത്രക്രിയക്ക് സജ്ജമാക്കുന്നതിനുള്ള സമയം മാത്രമേ എടുത്തിട്ടുള്ളൂവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കാരക്കോണം സ്വദേശിയായ 54കാരനാണ് മരിച്ചത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്നും പ്രത്യേക സംവിധാനങ്ങളോടെയാണ് അവയവം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശം അനുസരിച്ച് പ്രാഥമിക അന്വഷണത്തിനും ഉത്തരവിട്ടു. രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് ശസ്ത്രക്രിയക്കായി തിരുവനന്തപുരത്ത് എത്തിച്ചത്.