പിണറായി വിജയനെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്; താത്കാലിക ജീവനക്കാരിയെ സസ്‌പെന്റ് ചെയ്ത് ആരോഗ്യ വകുപ്പ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീര്‍ത്തികരമായ പോസ്റ്റ് പങ്കുവെച്ചതിന് താത്കാലിക ജീവനക്കാരിയെ സസ്‌പെന്റ് ചെയ്ത് ആരോഗ്യ വകുപ്പ്. പാതിരപ്പള്ളി ഹോംകോയിലെ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ വിടി ധനിഷ മോള്‍ ആണ് ആരോഗ്യ വകുപ്പിന്റെ നടപടി നേരിടുന്നത്. വാട്‌സ് ആപ്പിലൂടെ ആയിരുന്നു ധനിഷ മുഖ്യമന്ത്രിയ്‌ക്കെതിരെ പോസ്റ്റ് പങ്കുവച്ചത്.

പത്ത് വര്‍ഷമായി പാതിരപ്പള്ളിയിലെ കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ ഓപ്പറേറ്റീവ് ഫാര്‍മസിയിലെ ഡാറ്റാ എന്‍ട്രി ജീവനക്കാരിയാണ് ധനിഷ. രണ്ട് മാസമായി ഇവര്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അവധിയിലായിരുന്നു. ഇതിനിടയിലാണ് സസ്‌പെന്‍ഷന്‍ നടപടി. സീനിയോറിറ്റിക്ക് അതീതമായി സിഐടിയു അംഗങ്ങളെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെ ധനിഷ പരാതി നല്‍കിയിരുന്നു.

ആരോഗ്യ മന്ത്രിക്കായിരുന്നു ധനിഷ മോള്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. പരാതി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് സസ്‌പെന്‍ഷനെന്നാണ് ധനിഷ ആരോപിക്കുന്നത്. അഞ്ച് സിഐടിയു പ്രവര്‍ത്തകരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക കൂടിയായ ധനിഷയും മറ്റ് ജീവനക്കാരും പരാതി നല്‍കിയത്.

അതേ സമയം മുഖ്യമന്ത്രിയ്‌ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റ് പങ്കുവച്ചതില്‍ മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും അല്ലെങ്കില്‍ തുടര്‍ നടപടിയെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു. മാനേജ്‌മെന്റിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് ധനിഷയുടെ തീരുമാനം.