തിരുവഞ്ചൂരിനും കുടുംബത്തിനും വധഭീഷണി; പത്ത് ദിവസത്തിനകം ഇന്ത്യ വിടണം: 'ടി.പി കേസ് ബന്ധമെന്ന് സംശയം'

 

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്ക് വധഭീഷണിയുമായി ഊമക്കത്ത് ലഭിച്ചു. എം.എൽ.എ ഹോസ്റ്റലിലെ വിലാസത്തിലാണ് കത്ത് ലഭിച്ചത്. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും ഉൾപ്പെടെ വധിക്കുമെന്നാണ് കത്ത്. ക്രിമിനൽ പട്ടികയിൽ പെടുത്തിയതിന്റെ പ്രതികാരമാണെന്നും കത്തിൽ എഴുതിയിട്ടുണ്ട്.

കോഴിക്കോട് നിന്നാണ് കത്ത് അയച്ചിരിക്കുന്നത്. സംഭവത്തിൽ മുഖ്യമന്ത്രിക്ക് തിരുവഞ്ചൂർ പരാതി നൽകിയിട്ടുണ്ട്. ടി.പി വധക്കേസിലെ പ്രതികളുടെ പ്രതികാര നീക്കമാകാം ഇതെന്നാണ് കത്തിനെ കുറിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം.

ജയിൽ നിയന്ത്രിക്കുന്നത് മുഴുവൻ ടി.പി വധക്കേസ് പ്രതികളാണെന്നും ഇവർ തന്നെയാണ് കത്തിനും പിറകിൽ എന്നാണ് സംശയമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. വധഭീഷണി കത്ത് ലഭിച്ച സംഭവത്തിൽ അന്വേഷണം വേണമെന്നും സർക്കാർ ഇക്കാര്യം ഗൗരവമായി കണ്ട് അദ്ദേഹത്തിനു സുരക്ഷയൊരുക്കണമെന്നും പ്രതിപക്ഷ നേതാവും കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനും ആവശ്യപ്പെട്ടു.