ഇര്‍ഷാദിന്റെ മരണം; സ്വാലിഹ് പലതവണ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം, ശബ്ദസന്ദേശം പുറത്ത്

കോഴിക്കോട് പന്തിരിക്കരയില്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കുടുംബം. കേസിലെ മുഖ്യപ്രതിയായ സ്വാലിഹ് പല തവണ ഭീഷണിപ്പെടുത്തി. വീടിന് മുന്നില്‍ മൃതദേഹം കൊണ്ടിടുമെന്ന് പറഞ്ഞുവെന്നും ഇര്‍ഷാദിന്റെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സഹോദരന്റെ ഫോണിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോയ ശേഷമാണ് സ്വാലിഹ് ഭീഷണി സന്ദേശമയച്ചത്. 10 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി. പൊലീസില്‍ പരാതി നല്‍കിയതിന് ശേഷവും ഭീഷണി തുടര്‍ന്നു. ഇര്‍ഷാദ് ജീവനോടെയുണ്ടെന്നും പണം തന്നാല്‍ കാണിച്ചുതരാമെന്ന് പറഞ്ഞെന്നും സഹോദരന്‍ വ്യക്തമാക്കി.

സ്വാലിഹ് വിദേശത്തേക്ക് പോയത് ഇര്‍ഷാദിന്റെ മരണം ഉറപ്പാക്കിയതിന് ശേഷമാണെന്നാണ് പൊലീസിന്റെ നിഗമനം. വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചു. കേസിലെ പ്രധാനപ്രതി സ്വാലിഹ് യുഎഇയിലാണ്. യുവാവിന്റെ മരണത്തിന് പിന്നില്‍ വിദേശത്തുള്ള ഷംനാദ്, നാസര്‍ തുടങ്ങിയവരാണെന്ന് കുടുംബം ആരോപിക്കുന്നു. ഇവരുടെ വിദേശയാത്രാ വിവരങ്ങള്‍ ഉള്‍പ്പെടെ അന്വേഷണസംഘം ശേഖരിക്കുകയാണ്.

കൊടുവള്ളി സ്വദേശിയായ സ്വാലിഹാണ് ഇര്‍ഷാദിന്റെ കയ്യില്‍ സ്വര്‍ണം കൊടുത്തയച്ചത്. ഈ സ്വര്‍ണം കൈമാറാത്തതാണ് തട്ടിക്കൊണ്ടുപോകാന്‍ കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ജൂലൈ ആറിനാണ് ഇര്‍ഷാദിനെ കാണാതായത്. ജൂലൈ 17നാണ് കൊയിലാണ്ടി പുഴയില്‍ നിന്നും മൃതദേഹം കിട്ടിയത്. 19ന് ഡല്‍ഹിയില്‍ നിന്നും സാലിഹ് കുടുംബസമേതം വിദേശത്തേക്ക് പോകുകയായിരുന്നു. അതേസമയം ഇര്‍ഷാദിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ഇര്‍ഷാദിനെ അപായപ്പെടുത്തിയതിന് ശേഷം പുഴയിലെറിഞ്ഞതാണെന്നാണ് ബന്ധുക്കളുടെ ആരോപണം.