പത്തനംതിട്ടയില്‍ ആന്റോ ആന്റണി വേണ്ടെന്ന് ഡി.സി.സി, എം.പിയുടെ പേര് വെട്ടി സ്ഥാനാര്‍ത്ഥി പട്ടിക

പത്തനംതിട്ടയില്‍ സിറ്റിംഗ് എംപി ആന്റോ ആന്റണിയെ മത്സരിപ്പിക്കുന്നതിനോട് ഡിസിസിക്ക് എതിര്‍പ്പ്. ഇതേ തുടര്‍ന്ന് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആന്റോ ആന്റണിയുടെ പേര് ഡിസിസി ഉള്‍പ്പെടുത്തിയിട്ടില്ല. കെപിസിസി സമിതി യോഗം ഇന്ന് ചേരുമ്പോള്‍ ഡിസിസിക്ക് എംപി വീണ്ടും മത്സരിക്കുന്നതിനോട് താത്പര്യമില്ലെന്ന് വ്യക്തമാക്കുന്നതിന് ഇതിലൂടെ സാധിക്കും. അതേസമയം കെപിസിസി സമിതി യോഗത്തില്‍ സിറ്റിംഗ് എംപിയെന്ന നിലയില്‍ ആന്റോ ആന്റണി മത്സരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യും.

മണ്ഡലത്തില്‍ കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്തില്ലെന്ന ആക്ഷേപം ആന്റോ ആന്റണിക്ക് എതിരെ കോണ്‍ഗ്രസില്‍ നിന്നു തന്നെ ഉയരുന്നുണ്ട്. മുന്‍ ഡിസിസി അധ്യക്ഷന്‍ പി മോഹന്‍രാജ്, മുന്‍ എംഎല്‍എ ശിവദാസന്‍ നായര്‍, ഡിസിസി അധ്യക്ഷന്‍ ബാബു ജോര്‍ജ് എന്നിവരാണ് സാധ്യത പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.

പത്തനംതിട്ടയില്‍ നിന്നും ആന്റോ ആന്റണി വീണ്ടും ജനവിധി തേടുന്നതിന് ഐ ഗ്രൂപ്പിലെ ഒരു വിഭാഗത്തിനും അതൃപ്തിയുണ്ട്. സ്വന്തം ഗ്രൂപ്പിലെ നേതാവിനെതിരെ പരസ്യമായി രംഗത്തു വരുന്നില്ലെങ്കിലും ഇവരും ആന്റോ ആന്റണിക്കെതിരെ നിലപാട് സ്വീകരിക്കുമെന്നാണ് കരുതപ്പെടുന്നത്.