ട്രോള്‍ ഗ്രൂപ്പുകള്‍ക്കും രക്ഷയില്ല; മതനിന്ദ ആരോപിച്ച് പോസ്റ്റിനെതിരേ സൈബര്‍ സെല്‍ അന്വേഷണം

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍മേലുള്ള വിലക്കുകള്‍ തുടരുന്ന സാഹചര്യത്തില്‍ മലയാളത്തിലെ പ്രമുഖ ട്രോള്‍ ഗ്രൂപ്പില്‍ വന്ന ട്രോള്‍ ഫോട്ടോയ്‌ക്കെതിരേ സൈബര്‍ സെല്‍ അന്വേഷണം. മൂന്ന് ലക്ഷത്തിലധികം അംഗങ്ങളുള്ള ട്രോള്‍ റിപ്പബ്ലിക്ക് എന്ന ട്രോള്‍ കൂട്ടായ്മയ്‌ക്കെതിരേയാണ് സൈബര്‍ സെല്‍ അന്വേഷണം നടത്തുന്നതെന്ന് ഗ്രൂപ്പിന്റെ അഡ്മിന്‍സ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു.

ശബരിമല അയ്യപ്പന്റെ ദര്‍ശന സമയുമായി ബന്ധപ്പെട്ട് ഗ്രൂപ്പിലിട്ട ഫോട്ടോയ്ക്കാണ് അന്വേഷണമെന്ന് പോസ്റ്റില്‍ അഡ്മിന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത പോസ്റ്റിന് രണ്ടായിരത്തിന് മുകളില്‍ ലൈക്കുകളും 30 ഓളം ഷെയറുകളുമുണ്ട്. ഈ പോസ്റ്റ് മതനിന്ദയാണെന്നാണ് സൈബര്‍ സെല്‍ ഗ്രൂപ്പ് അഡ്മിനുമാരെ അറിയിച്ചിരിക്കുന്നത്. അതേസമയം, സൈബര്‍ സെല്‍ അന്വേഷണം നടത്തുന്ന പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

വിഷയവുമായി ബന്ധപ്പെട്ട് ട്രോള്‍ റിപ്പബ്ലിക്ക് അഡ്മിന്‍ ഇട്ട പോസ്റ്റ്

ഡിയര്‍ റിപ്പബ്ലിക്കന്‍സ്, വളരെ ഗൗരവമുള്ള ഒരു വിഷയം ആണ് പറയാന്‍ പോവുന്നത്. നിങ്ങള്‍ ഓരോരുത്തരുടെയും പിന്തുണ ഉറപ്പു വരുത്താന്‍ വേണ്ടി ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്.
സമൂഹത്തിലെ അനാചാരങ്ങളെയും അന്ധവിശാസങ്ങളെയും അസമത്വങ്ങളെയും തുടങ്ങി അപരിഷ്‌കൃതമായ എന്തിനെയും വിമര്‍ശിക്കാന്‍ ഉള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു എന്ന് തോന്നിയപ്പോഴാണ് നാം ട്രോള്‍ റിപ്പബ്ലിക് എന്ന പുതിയ ഒരു പ്ലാറ്റ് ഫോം കുറച്ചു കാലങ്ങള്‍ക്കു മുന്നേ ഉണ്ടാക്കുന്നത്. മതം രാഷ്ട്രീയം സമൂഹം തുടങ്ങി വിവിധ മേഖലകളിലെ ട്രോള്‍ ചെയ്യപ്പെടേണ്ട വിഷയങ്ങളെ നമ്മള്‍ നിര്‍ദാക്ഷിണ്യം ട്രോളുകളിലൂടെ പരിഹസിക്കുകയും നമ്മുടെ നിലപാടുകള്‍ പേജിലെ പോസ്റ്റുകളിലൂടെ കൃത്യമായി നില നിര്‍ത്താന്‍ ശ്രമിച്ചിട്ടും ഉണ്ട്. അത്തരത്തില്‍ പേജില്‍ പബ്ലിഷ് ചെയ്ത ഒരു പോസ്റ്റില്‍ ഇപ്പൊ സൈബര്‍ സെല്‍ വഴി നമ്മള്‍ അന്വേഷണം നേരിടുകയാണ്.

മതനിന്ദയാണ് ഈ പോസ്റ്റ് എന്നാണു സൈബര്‍ സെല്‍ ടീം നമ്മളെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്യുകയും മറ്റു നടപടിക്രമങ്ങളും മുന്നോട്ടു പോവുന്നു. ഇത്രയും നിസാരമായ രസകരമായ ഒരു ട്രോളിന്റെ പേരില്‍ കോടതി കയറി ഇറങ്ങേണ്ടി വരുമെങ്കിലും അതിനെ നേരിടാന്‍ തന്നെ ആണ് ട്രോള്‍ റിപ്പബ്ലിക് ടീമിന്റെ തീരുമാനം. യുക്തിസഹമായ വിമര്‍ശനങ്ങള്‍ക്ക് ഇടമില്ലാതെ, വിമര്ശിക്കപ്പെടേണ്ടതിന്റെ തഴുകിയും തലോടിയും സുഖിപ്പിച്ചു നിര്‍ത്തിയും മുന്നോട്ടു പോവുന്നതില്‍ അര്‍ത്ഥമില്ല. ട്രോള്‍ റിപ്പബ്ലിക് ഉള്ള കാലം അതിന്റെ ലക്ഷ്യം സാമൂഹ്യമായ തിന്മകളെ ട്രോള്‍ ചെയ്യുക എന്നത് തന്നെ ആവും. അതിനിടക്ക് വരുന്ന ഇത്തരം പ്രതിബന്ധങ്ങളെ അസഹിഷ്ണുതകളെ നമ്മള്‍ ഒന്നിച്ചു നിന്ന് തന്നെ തോല്‍പ്പിക്കും. മത രാഷ്ട്രീയ ഭേദമന്യേ മൊത്തം റിപ്പബ്ലിക്കന്‍സിന്റെയും പിന്തുണയും ഞങ്ങള്‍ ആഗ്രഹിക്കുന്നു. അസഹിഷ്ണുതയുടെ വെല്ലുവിളികളെ നേരിടുന്നത് നമ്മള്‍ ഒരുമിച്ചായിരിക്കും.

അഡ്മിന്‍ ടീം
ട്രോള്‍ റിപ്പബ്ലിക്