'പൊതുവിടത്തില്‍ ശോഭിച്ചു നില്‍ക്കുന്ന സുന്ദരിയായ സ്ത്രീയോട് തോന്നുന്ന ഒരു തരം പക'; സ്മൃതി പരുത്തിക്കാടിനെതിരായ സൈബര്‍ ആക്രമണത്തിന് പിന്നിലെന്ത്?; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നു

റിപ്പോര്‍ട്ടര്‍ ടി വിയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടിനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ടുള്ള സൈബര്‍ ആക്രമണം തുടര്‍ച്ചയായുണ്ടാകുമ്പോള്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ് സോഷ്യല്‍ മീഡിയയില്‍. സ്മൃതി പരുത്തിക്കാടിനെ പോലൊരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ സൈബര്‍ ഇടങ്ങളില്‍ വളരെ മോശമായ രീതിയില്‍ ആക്രമണമുണ്ടാകുന്നത് പിന്നിലെ കാരണങ്ങള്‍ നിരവധിയാണ്. അന്ധമായ രാഷ്ട്രീയ വൈരാഗ്യവും സ്മൃതിയുടെ ചാനല്‍ ചര്‍ച്ചകളിലെ നിലപാടുകളും സ്ത്രീവിരുദ്ധതയുമെല്ലാം ഇത്തരത്തിലുള്ള അധിക്ഷേപകരമായ സൈബര്‍ ആക്രമണത്തിന് കാരണമായിട്ടുണ്ട്.

ഒരു പരിപാടിയില്‍ സ്മൃതി നൃത്തം ചെയ്യുന്ന ദൃശ്യങ്ങളുപയോഗിച്ച് സ്മൃതിയ്‌ക്കെതിരായി അശ്ലീലമായ വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. അത് ഉപയോഗിച്ച് സൈബറിടങ്ങളില്‍ സ്മൃതിക്കെതിരായി നടക്കുന്ന കുഴഞ്ഞാട്ടമെന്ന തരത്തിലുള്ള പ്രചരണങ്ങളില്‍ മാധ്യമ ലോകത്തുള്ള ചിലരെങ്കിലും ശക്തമായി പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ട്.

റിപ്പോര്‍ട്ടര്‍ ടിവിയുടെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ ലേബി സജീന്ദ്രനും എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ശാരദക്കുട്ടിയും സ്മൃതിക്കെതിരായ സൈബറാക്രമണത്തെ കുറിച്ച് വിശദമായി തന്നെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പ്രതിപാദിക്കുകയും പ്രതിഷേധമറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഒരു സ്ത്രീയുടെ അന്തസ്സിനും അഭിമാനത്തിനും നേരേ നടക്കുന്ന നീചമായ ആക്രമണമാണിതെന്നും മലയാളിയുടെ മനോനിലയുടെ വൈകൃതാവസ്ഥയാണ് ഇവിടെ വെളിവാകുന്നതെന്നും ലേബി സജീന്ദ്രന്‍ തന്റെ പോസ്റ്റില്‍ പറയുന്നു. പൊതുവിടത്തില്‍ ശോഭിച്ചു നില്‍ക്കുന്ന സുന്ദരിയായ സ്ത്രീയോട് തോന്നുന്ന ഒരു തരം പകയാണിതെന്നും ആണാധിപത്യത്തിന്റെ അടിത്തറയിളക്കി മാധ്യമപ്രവര്‍ത്തനത്തിന്റെ മുന്‍നിരയിലെത്തിയ മിടുക്കിയായ ഒരുവളോട് തോന്നുന്ന അസ്വസ്ഥതയാണിതെന്നും സ്മൃതിക്കെതിരായ സൈബര്‍ ആക്രമണത്തെ കുറിച്ച് ലേബി സജീന്ദ്രന്‍ പറയുന്നു. ശക്തമായ പ്രതിഷേധം ഉയരണമെന്നും നിയമനടപടികള്‍ കൊണ്ടും ഈ സൈബറാക്രമണത്തെ നേരിടണമെന്നും റിപ്പോര്‍ട്ടര്‍ ടിവിയുടെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക പറയുന്നു.

ലേബി സജീന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

റിപ്പോര്‍ട്ടര്‍ ടി വി യുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍
സ്മൃതി പരുത്തിക്കാടിന് നേരേ എന്തുകൊണ്ട് തുടര്‍ച്ചയായി സൈബര്‍ ആക്രമണം നടക്കുന്നു
എന്നത് ചിന്തിക്കേണ്ടതാണ്.
ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താധിഷ്ഠിത പരിപാടികളിലും അവര്‍ സ്വീകരിക്കുന്ന ശക്തമായ നിലപാടുകള്‍ ചിലരെ അസ്വസ്ഥരാക്കുന്നതുകൊണ്ടു മാത്രമാണോ അത്?!
റിപ്പോര്‍ട്ടര്‍ ടി വി യുടെ ഓറിയന്റേഷന്‍ ക്യാമ്പിന്റെ അവസാനം നടന്ന ആഘോഷ പരിപാടിയില്‍ സ്മൃതി നൃത്തം വയ്ക്കുന്ന വീഡിയോ ആണ് ഏറ്റവും ഒടുവില്‍ സൈബറിടത്തില്‍ ആക്രമിക്കപ്പെടുന്നത്.
അന്ന് എല്ലാവരും ഏറെ സന്തോഷത്തോടെ പങ്കെടുത്ത പരിപാടിയാണത് എന്നോര്‍ക്കണം .
നൃത്തം വഴങ്ങാത്തതിനാല്‍ മാത്രം ഞങ്ങള്‍ ചുരുക്കം ചിലര്‍ മാറി നിന്നു .
ഒരു മനോഹരമായ ഹിന്ദി പാട്ടായിരുന്നു അന്ന് പശ്ചാത്തലത്തില്‍ എന്നോര്‍ക്കുന്നു .
ആ രംഗമാണ് ‘ രതിപുഷ്പം’ എന്ന ഗാനത്തോടൊപ്പം എഡിറ്റ് ചെയ്ത് വളരെ മോശമായി സൈബറിടത്തില്‍ അവതരിപ്പിച്ച് അപഹസിച്ചുകൊണ്ടിരിക്കുന്നത്.
സ്ത്രീ അവളുടെ സ്വത്വബോധത്തെ അഭിമാനത്തോടെ പ്രദര്‍ശിപ്പിക്കുന്ന കാലത്താണല്ലോ നമ്മുടെ ജീവിതം.
വിവാഹ പാര്‍ട്ടികളിലും സൗഹൃദ സദസുകളിലുമെല്ലാം സ്ത്രീകള്‍ എത്ര മനോഹരമായാണ് ആത്മപ്രകാശനം നടത്തുന്നത്.
നൃത്തവും പാട്ടുമായി ആത്മാവിഷ്‌ക്കാരത്തിന്റെ ഒരു തുറവി അവള്‍ സൃഷ്ടിക്കുകയാണ്.
അത്തരം സന്തോഷ കൂട്ടായ്മകളിലെ നൃത്തച്ചുവട് സ്മൃതിക്ക് മാത്രം എങ്ങനെ നിഷിദ്ധമാകും ?!
ഇത് ഒരു സ്ത്രീയുടെ അന്തസ്സിനും അഭിമാനത്തിനും നേരേ നടക്കുന്ന നീചമായ ആക്രമണമാണ്.
മലയാളിയുടെ മനോനിലയുടെ വൈകൃതാവസ്ഥയാണ് ഇവിടെ വെളിവാകുന്നത്.
പൊതുവിടത്തില്‍ ശോഭിച്ചു നില്‍ക്കുന്ന സുന്ദരിയായ സ്ത്രീയോട് തോന്നുന്ന ഒരു തരം പക !
ആണാധിപത്യത്തിന്റെ അടിത്തറയിളക്കി
മാധ്യമപ്രവര്‍ത്തനത്തിന്റെ മുന്‍നിരയിലെത്തിയ മിടുക്കിയായ ഒരുവളോട്
തോന്നുന്ന അസ്വസ്ഥത !
നിലപാടിന്റെ പ്ലാറ്റ്‌ഫോം കൂടി ആ സ്ത്രീക്കുണ്ടെങ്കില്‍
അവളുടെ ആത്മവീര്യം തകര്‍ത്ത് ചവിട്ടിമെതിച്ചാലേ സമാധാനം കിട്ടൂ എന്നചിന്ത
മനോവൈകൃതമുള്ളവര്‍ക്ക് അഴിഞ്ഞാടാന്‍ സമൂഹ മാധ്യമങ്ങള്‍ നല്‍കുന്ന വിശാലമായ ഇടം
നമ്മെ ഭയപ്പെടുത്തണം.
ഒരു സ്ത്രീയുടെ ആത്മാഭിമാനവും അന്തസ്സും മനോരോഗികള്‍ക്ക് ഇങ്ങനെ ചവിട്ടിയരയ്ക്കാന്‍ ഉള്ളതാണോ ?!
ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.
കര്‍ശന നിയമനടപടികള്‍ കൊണ്ട് നേരിടേണ്ടതാണിത്.

സ്മൃതി പരുത്തിക്കാടിനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് ഒരു വീഡിയോ പ്രചരിക്കുന്നതായി കണ്ടുവെന്നും വേദനയും രോഷവും തോന്നിയെന്നും പറഞ്ഞുകൊണ്ടാണ് ശാരദക്കുട്ടി സ്മൃതിക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ പ്രതിഷേധമറിയിക്കുന്നത്. സ്മൃതിയുടെ നൃത്തത്തെ ഒരു കുഴഞ്ഞാട്ടമായി കാണാന്‍ അന്ധമായ രാഷ്ട്രീയ വൈരാഗ്യവും സ്ത്രീവിരുദ്ധതയും അന്തസ്സില്ലാത്ത നാവും ഉണ്ടായാല്‍ മാത്രം മതിയെന്ന് ശാരദക്കുട്ടി പറയുന്നു. വ്യക്തിയുടെ സ്വകാര്യതയെ മാനിച്ചു കൊണ്ടല്ലാതെ നടത്തുന്ന ഏതാക്രമണവും രാഷ്ട്രീയമല്ലെന്നും അതിനൊരു മാന്യതയുമില്ലെന്നും തന്റെ പോസ്റ്റില്‍ ശാരദക്കുട്ടി പറയുന്നുണ്ട്. അതിൽ ഒരു പുരോഗമനവുമില്ലന്നു മാത്രമല്ല. അങ്ങേയറ്റം ജീർണ്ണിച്ചതും, പുഴുക്കുത്തേറ്റതും , ദ്രവിച്ചു നാറിയതും രോഗാതുരവുമായ ഒരു ശരീരത്തിൽ നിന്നു വമിക്കുന്ന ദുർഗ്ഗന്ധമാണ് അത് ചുറ്റും പ്രസരിപ്പിക്കുന്നതെന്നും ശാരദക്കൂട്ടി ചൂണ്ടിക്കാണിക്കുന്നു.

ശാരദക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയസുഹൃത്തും മാധ്യമ പ്രവർത്തകയുമായ സ്മൃതി പരുത്തിക്കാടിനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് ഒരു വീഡിയോ പ്രചരിക്കുന്നതായി കണ്ടു. വേദനയും രോഷവും തോന്നി.
വീഡിയോയിൽ സ്മൃതി മനോഹരമായി നൃത്തം ചെയ്യുന്നുണ്ട്. നൃത്തത്തിൽ ദോഷൈകദൃക്കുകൾക്കല്ലാതെ മറ്റൊരാൾക്കും ഒരു കുഴപ്പവും കണ്ടെത്താനാവില്ല. പക്ഷേ അതൊരു കുഴഞ്ഞാട്ടമായി കാണാൻ അന്ധമായ രാഷ്ട്രീയ വൈരാഗ്യവും സ്ത്രീവിരുദ്ധതയും അന്തസ്സില്ലാത്ത നാവും ഉണ്ടായാൽ മാത്രം മതി.
അധികാരത്തിലിരിക്കുന്ന പാർട്ടിക്ക് ആരോപണങ്ങൾ നേരിടേണ്ടി വരും . അത് വ്യാജമായ ആരോപണമെങ്കിൽ കൃത്യമായും തെളിയിക്കാനുള്ള സംവിധാനങ്ങൾ നിലവിലുണ്ട്. സത്യം തെളിയുന്നതു വരെയേ പുകമറ ഉണ്ടാക്കാൻ മാധ്യമങ്ങൾക്കു കഴിയൂ. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടാൻ കഴിയണം.
ഒരു മാധ്യമ പ്രവർത്തക , അവർ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ താത്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നത് , പാർട്ടി അണികൾ പാർട്ടിയുടെ താത്പര്യങ്ങൾ മാത്രം അനുസരിച്ചു പ്രവർത്തിക്കുന്നതു പോലെയാണ്. ഒന്നു ശരിയെങ്കിൽ മറ്റേതും ശരി. ഒന്നു തെറ്റെങ്കിൽ മറ്റേതും തെറ്റ്.
നൃത്തം ചെയ്തതെന്തിനാണെന്നതിന് ഒരു വ്യാഖ്യാനം. നൃത്തത്തിനിടയിൽ കാലിടറുന്നത് എങ്ങനെയാണെന്നതിന് മറ്റൊരു വ്യാഖ്യാനം. ‘അങ്ങനേം കേട്ടു ഇങ്ങനേം കേട്ടു ഞാനൊന്നും പറഞ്ഞില്ലേ ‘ , എന്നൊരു തരം അഴകൊഴമ്പൻ ആഖ്യാനം. ഇതെന്തു തരം മാധ്യമാഭാസമാണ്?
നൃത്തവും തെറ്റല്ല. അതിനിടയിൽ കാലിടറുന്നതും തെറ്റല്ല. എന്തു കാരണമാണ് എന്നന്വേഷിച്ചു നടക്കുന്നത് നിലവാരമുള്ള മാധ്യമ പ്രവർത്തനവുമല്ല. അവർ പ്രവർത്തിക്കുന്ന സ്ഥാപനമെടുക്കുന്ന നിലപാടുകളോട് പ്രതിഷേധിക്കേണ്ടത് അവരെ അവഹേളിച്ചു കൊണ്ടാകരുത്.
വ്യക്തിയുടെ സ്വകാര്യതയെ മാനിച്ചു കൊണ്ടല്ലാതെ നടത്തുന്ന ഏതാക്രമണവും രാഷ്ട്രീയമല്ല. അതിനൊരു മാന്യതയുമില്ല. അതിൽ ഒരു പുരോഗമനവുമില്ല. എന്നു മാത്രമല്ല. അങ്ങേയറ്റം ജീർണ്ണിച്ചതും, പുഴുക്കുത്തേറ്റതും , ദ്രവിച്ചു നാറിയതും രോഗാതുരവുമായ ഒരു ശരീരത്തിൽ നിന്നു വമിക്കുന്ന ദുർഗ്ഗന്ധമാണ് അത് ചുറ്റും പ്രസരിപ്പിക്കുന്നത്.
തോൽപ്പിച്ചേ എന്നു ഞെളിയാൻ അതിലൊന്നുമില്ല. സ്മൃതിക്ക് കാലിടറിയാലും ദേഹം കുഴഞ്ഞാലും നൃത്തമാടാൻ കഴിയട്ടെ . മാധ്യമ പ്രവർത്തനത്തിലെ ശരിതെറ്റുകളുമായി അത് കൂടിക്കുഴക്കേണ്ടതില്ല. അതനുവദിച്ചു കൂടാ. ഒപ്പം സ്മൃതി പരുത്തിക്കാട്…
എസ് ശാരദക്കുട്ടി .