'തീവ്രവാദ ക്യാമ്പിൽ പോലും കാണാത്ത ക്രൂര പീഡനം'; കുന്നംകുളത്തെ പൊലീസ് സ്റ്റേഷൻ മർദ്ദനത്തിൽ ശക്തമായ നടപടി വേണമെന്ന് വി ഡി സതീശൻ

കുന്നംകുളത്തെ പൊലീസ് സ്റ്റേഷൻ മർദ്ദനത്തിൽ ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കുറ്റക്കാരായ പൊലീസ് ഉദ്യോ​ഗസ്ഥരെ പുറത്താക്കണമെന്ന് പറഞ്ഞ വിഡി സതീശൻ പൊലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ സമാനതകൾ ഇല്ലാത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്നും വി ഡി സതീശൻ പറഞ്ഞു.

തീവ്രവാദ ക്യാമ്പിൽ പോലും കാണാത്ത ക്രൂര പീഡനമാണ് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ‌ നടന്നതെന്നും വി ഡി സതീശൻ പറഞ്ഞു. ഡിഐജിയുടെ മറുപടിയിൽ തൃപ്തിയില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമായി ഡിഐജി പെരുമാറരുതെന്നും വി ഡി സതീശൻ പറഞ്ഞു. അതേസമയം തൃശൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്തിന് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മർദ്ദനമേറ്റ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് തൃശൂരിൽ എത്തി സുജിത്തിനെയും ജില്ലാ കോൺഗ്രസ് നേതാക്കളെയും കാണും. ഇതിന് ശേഷമായിരിക്കും ഭാവി പ്രതിഷേധ പരിപാടികൾ തീരുമാനിക്കുക. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് മാറ്റുന്നത് വരെ പോരാട്ടം തുടരുമെന്നാണ് സുജിത്ത് വ്യക്തമാക്കിയത്. ശക്തമായ നടപടി എടുക്കാത്ത സാഹചര്യത്തിൽ വരുന്ന 10 ആം തീയതി കുറ്റക്കാരായ പൊലീസുകാർ ജോലി ചെയ്യുന്ന സ്റ്റേഷനുകളിലേക്ക് പ്രതിഷേധവുമായി എത്തുമെന്നാണ് ഡിസിസി പ്രസിഡന്റ് പ്രതികരിച്ചത്. 2023 നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെയായിരുന്നു പുറത്തുവന്നത്. രണ്ട് വർഷത്തെ നിയമപോരാട്ടത്തിന് ശേഷം, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്.

പിന്നാലെ തൃശൂർ ഡിഐജി ഹരിശങ്കർ സംഭവത്തിൽ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു. നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് രണ്ട് വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കുകയും സ്റ്റേഷനിൽ നിന്ന് സ്ഥലംമാറ്റുകയും ചെയ്തായാണ് റിപ്പോർട്ട്. കൈകൊണ്ട് ഇടിച്ചു, എന്ന കുറ്റം മാത്രമാണ് ഉദ്യോഗസ്ഥർക്കെതിരെ ഉള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർനടപടികൾക്കായി കോടതി ഉത്തരവിനായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. നിലവിൽ കുന്നംകുളം കോടതി കേസ് നേരിട്ട് അന്വേഷിക്കുകയാണ്.

Read more