സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നായി മാറുകയാണ് സിഎസ്ആർ ഫണ്ടിന്റെ പേരിൽ നടന്ന തട്ടിപ്പ്. ആയിരം കോടിക്ക് മുകളിലാണ് തൊടുപുഴ സ്വദേശിയായ കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണൻ തട്ടിയത്. സംസ്ഥാനത്തുടനീളം നിരവധി പേരാണ് തട്ടിപ്പിനിരയായത്. തട്ടിപ്പ് പുറത്തായതോടെ പരാതികളുടെ കൂമ്പാരമാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ അനന്തുകൃഷ്ണനെതിരെ എത്തിയത്. പകുതി വിലയ്ക്ക് ടൂവീലർ വാഗ്ദാനം ചെയ്തായിരുന്നു പ്രധാന തട്ടിപ്പ്. ടൂവീലറിന് പുറമേ, തയ്യല്‍ മെഷീന്‍, ലാപ് ടോപ്പ് തുടങ്ങിയവയും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് പറഞ്ഞും ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നു. ഇവയുടെ വിതരണോദ്ഘാടനത്തിന് പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും പങ്കെടുപ്പിച്ചിരുന്നു. ഇതിലൂടെ ആളുകളുടെ വിശ്വാസം പിടിച്ചുപറ്റിയായിരുന്നു തട്ടിപ്പ് നടത്തിയത് നടത്തിയത്.
തട്ടിപ്പ് നടത്താനായി പ്രാദേശിക തലത്തിൽ രൂപീകരിച്ച സീഡ് സൊസൈറ്റികൾ വഴിയായിരുന്നു അനന്തുകൃഷ്ണൻ പണസമാഹരണം നടത്തിയത്. സ്ത്രീകളുടെ സ്വാശ്രയ ഗ്രൂപ്പുകളാണ് ബ്ലോക്കടിസ്ഥാനത്തിൽ രൂപീകരിച്ച സീഡ് സൊസൈറ്റികൾ. സംസ്ഥാനത്തുടനീളം 62 സീഡ് സൊസൈറ്റികൾ രൂപീകരിച്ചിരുന്നു. തയ്യൽ മെഷീൻ, ലാപ്ടോപ് എന്നിവയും വാഗ്ദാനം ചെയ്തിരുന്നു. ഇതിൽ ആദ്യം ചിലർക്ക് ലഭിച്ചിരുന്നു. സംസ്ഥാനത്തുടനീളം വിപുലമായ മേളകൾ സംഘടിപ്പിച്ച് വിശ്വാസ്യത നേടിയെടുത്തത്. ഈ വിശ്വാസം പ്രയോജനപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.
അനന്തുകൃഷ്ണൻ നേരത്തെയും ഇത്തരത്തിൽ സമാനമായ തട്ടിപ്പ് നടത്തിയിരുന്നുവെന്നാണ് വിവരം. ആദ്യം പണമിരട്ടിപ്പ് പരിപാടിയാണ് അനന്തുകൃഷ്ണൻ നടത്തിയിരുന്നത്. 2018ലാണ് അനന്തുകൃഷ്ണൻ എൻജിഒ ആരംഭിക്കുന്നത്. മുവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സൊസൈറ്റി എന്ന പേരിലായിരുന്നു എൻജിഒ ആരംഭിക്കുന്നത്. ഇതിന് ശേഷം മറ്റൊരു സ്ഥാപനവും ആരംഭിച്ചു. ഇതിന് പിന്നാലെയാണ് സീഡ് സൊസൈറ്റികൾ ആരംഭിച്ചത്. 62 സീഡ് സൊസൈറ്റികളിലും കോർഡിനേറ്റർമാരുണ്ടായിരുന്നു. 2022 വരെ വാഗ്ദാനങ്ങൾ പണം നൽകിയവർക്ക് ലഭിച്ചിരുന്നു. സിഎസ്ആർ ഫണ്ട് മുഖേനേ അമ്പത് ശതമാനം ഡിസ്കൗണ്ടിൽ സ്കൂട്ടറും തയ്യൽ മെഷീനും വാഗ്ദാനം ചെയ്തായിരുന്നു അനന്തുകൃഷ്ണന്റെ തട്ടിപ്പ്.
തട്ടിപ്പിൽ ഏറെയും വീണത് സ്ത്രീകളാണ്. നടക്കാവ് പൊലീസ് സ്റ്റേഷനിൽ 98 സ്ത്രീകളാണ് പരാതിയുമായെത്തിയത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലക്കാരാണ് തട്ടിപ്പിന് ഇരയായവരിൽ കൂടുതലും. ഇടുക്കിയിൽ മാത്രം 100 ഓളം പേർക്ക് പണം നഷ്ടമായെന്നാണ് വിലയിരുത്തൽ. മൂവാറ്റുപുഴയിൽ നിന്ന് മാത്രം തട്ടിയെടുത്തത് 9 കോടി രൂപ. 40000 മുതൽ 60,000 രൂപ വരെയാണ് ഒരാൾക്ക് നഷ്ടമായത്. പറവൂരിൽ മാത്രം ആയിരത്തിലധികം പേർ തട്ടിപ്പിനിരയായിട്ടുണ്ട്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, പോത്താനിക്കാട്, കോതമംഗലം പോലീസ് സ്റ്റേഷനുകളിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കണ്ണൂർ ജില്ലയിൽ മാത്രം 2000ലേറെ വനിതകൾ പൊലീസിൽ പരാതി നൽകി. കോഴിക്കോട് നടക്കാവ് സ്റ്റേഷനിലും കേസ്. 98 സ്ത്രീകളാണ് തട്ടിപ്പിന് ഇരയായത്. സ്കൂട്ടർ പകുതി വിലയ്ക്ക് നൽകാം എന്ന് പറഞ്ഞു 72,58,300 രൂപ കൈപ്പറ്റിയെന്ന് പരാതി.
അതേസമയം നാഷണൽ എൻജിഒ ഫെഡറേഷൻ എന്ന സംഘടനയുടെ നാഷനൽ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ട് കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു അനന്തുവിന്റെ തട്ടിപ്പ്. സ്വന്തം പേരിൽ വിവിധ കൺസൾട്ടൻസികൾ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകൾ നടത്തിയത്. വിമൺ ഓൺ വീൽസ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. പണം അടച്ച് 45 ദിവസത്തിനുള്ളിൽ വാഹനം ലഭ്യമാകുമെന്നും ഇയാൾ വാഗ്ദാനം നൽകിയിരുന്നു. ഈ വാഗ്ദാനത്തിൽ വീണവർ അനന്തുകൃഷ്ണന് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയത്.
അനന്തുവിന്റെ ഒറ്റ ബാങ്ക് അക്കൗണ്ടില്‍ മാത്രം 400 കോടി രൂപയെത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ മൂന്ന് കോടി രൂപ മാത്രമാണ് നിലവില്‍ അവശേഷിക്കുന്നത്. തട്ടിപ്പ് പണം ഉപയോഗിച്ച് അനന്തു കൃഷ്ണൻ ഇടുക്കി, കർണാടകം എന്നിവടങ്ങളിൽ സ്ഥലം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. സത്യസായി ട്രസ്റ്റിൻ്റെ പേരിലടക്കം ഭൂമി വാങ്ങിയെന്നും സൂചനയുണ്ട്. കൊച്ചി ഇയ്യാട്ടുമുക്കിലെ ബാങ്ക് ശാഖയിലാണ് പ്രതി തട്ടിപ്പ് പണം നിക്ഷേപിക്കാൻ അക്കൗണ്ട് തുറന്നിരുന്നത്. കടലാസ് കമ്പനികളുടെ മറവിലെടുത്ത അക്കൗണ്ടിലൂടെയായിരുന്നു പണ ഇടപാടുകൾ.
അതേസമയം അനന്തു കൃഷ്ണൻ മുഖ്യ പ്രതിയായ കേസിൽ കോൺഗ്രസ് നേതാവ് ലാലി വിന്സെന്റിനെയും പ്രതിയാക്കിയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. ഏഴ് പ്രതികളുള്ള കേസിൽ SPIARDS ലീഗൽ അഡ്വൈസർ ആയ ലാലി വിൻസന്റ് കേസിൽ ഏഴാം പ്രതിയാണ്. അനന്തു കൃഷ്ണൻ ഉൾപ്പെടെ കേസിൽ ഏഴ് പ്രതികളാണ് ഉള്ളത്. അതേസമയം സിഎസ്ആർ തട്ടിപ്പ് കേസിൽ ലാലി വിൻസെന്റിന് പുറമെ ബിജെപി നേതാക്കളും റഡാറിലുണ്ട്. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന് പുറമെ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനുമായും അനന്തു കൃഷ്ണന് അടുത്ത ബന്ധമുണ്ടെന്ന വിവരം പുറത്തു വന്നു.
അനന്തു കോര്‍ഡിനേറ്ററായ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ നാഷണല്‍ എന്‍ജിഒ കോണ്‍ഫഡറേഷനുമായി എ എന്‍ രാധാകൃഷ്ണന്‍ സഹകരിച്ചു. എ എന്‍ രാധാകൃഷ്ണന്റെ ‘സൈന്‍’ എന്ന സന്നദ്ധ സംഘടന കോണ്‍ഫഡറേഷനുമായി സഹകരിച്ച് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതുമായി സംബന്ധിച്ച ചര്‍ച്ചകള്‍ അനന്തുവിന്റെ ഫ്‌ളാറ്റില്‍ നടന്നിരുന്നുവെന്ന വിവരവും പുറത്ത് വന്നു. രാഷ്ട്രീയ ഭേദമന്യേയാണ് അനന്തു കൃഷ്ണന്‍ നേതാക്കളെ തന്റെ തട്ടിപ്പില്‍ ഉള്‍പ്പെടുത്തിയത്. സിഎസ്ആർ ഫണ്ടിന്റെ പേരിൽ നടന്ന തട്ടിപ്പിൽ രാഷ്ട്രീയ നേതാക്കൾ അടക്കം ഇനിയും കൂടുതൽ പേർ കുടുങ്ങുമെന്ന് തന്നെയാണ് സൂചന.