ഇന്റര്‍പോള്‍ അന്വേഷിക്കുന്ന കുറ്റവാളി കേരള പൊലീസിന്റെ പിടിയില്‍; പ്രതി പിടിയിലായത് വര്‍ക്കലയില്‍ അവധി ആഘോഷിക്കുന്നതിനിടെ

ഇന്റര്‍പോള്‍ അന്വേഷിക്കുന്ന കുറ്റവാളി കേരള പൊലീസിന്റെ പിടിയില്‍. ഇന്റര്‍പോള്‍ തേടുന്ന 46 കാരനായ അമേരിക്കന്‍ കുറ്റവാളി അലക്‌സേജ് ബേസ്യോകോവ് ആണ് കേരള പൊലീസിന്റെ പിടിയിലായത്. കുടുംബത്തോടൊപ്പം ഇയാള്‍ വര്‍ക്കലയില്‍ അവധി ആഘോഷിക്കുന്നതിനിടയില്‍ സിബിഐയുടെ നിര്‍ദ്ദേശ പ്രകാരം വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അമേരിക്കയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പിടികിട്ടാപുള്ളിയാണ് അലക്‌സേജ് ബേസ്യോകോവ്. യുഎസില്‍ 2022ല്‍ വിലക്കേര്‍പ്പെടുത്തിയ ഗാരന്റെക്സ് എന്ന ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചിന്റെ സഹസ്ഥാപകനാണ് അലക്‌സേജ്. സ്ഥാപനം തീവ്രവാദ സംഘടനകള്‍ ഉള്‍പ്പെടെ സേവനങ്ങള്‍ നല്‍കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

തീവ്രവാദ സംഘടനകള്‍ ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ ക്രിമിനല്‍ സംഘടനകള്‍ക്ക് ക്രിപ്‌റ്റോകറന്‍സി ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതിനും പണമെത്തിക്കുന്നതിനും മറ്റും സൗകര്യമൊരുക്കിയതിനാണ് സ്ഥാപനത്തിനെതിരെ നടപടിയെടുത്തത്. ന്യൂഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് അറസ്റ്റ് വാറന്റ്‌റ് പുറത്തിറക്കിയത്.

അലക്‌സേജ് ബേസ്യോകോവിനായി ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു. നടപടി ക്രമം അനുസരിച്ച് ഇയാളെ രണ്ട് ദിവസം റിമാന്റില്‍ വെച്ച ശേഷം വ്യാഴാഴ്ച പട്യാല ഹബൗസ് കോടതിയിലേക്ക് കൊണ്ടുപോവും. ഇതിന് ശേഷം യുഎസിന് കൈമാറും.