പരാജയത്തിന് ശബരിമല വിഷയവും കാരണമായിരിക്കാമെന്ന് സി.പി.എം സെക്രട്ടേറിയറ്റ്

സംസ്ഥാനത്ത് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റില്‍ വിശദമായ ചര്‍ച്ചകള്‍ ഉയര്‍ന്നില്ല. ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം മാത്രമല്ല തിരഞ്ഞെടുപ്പ്പരാജയത്തിന് കാരണമെന്ന് സി.പി.എം സെക്രട്ടേറിയറ്റ്. മറ്റ് പലഘടകങ്ങളും യുഡിഎഫ് അനുകൂല തരംഗത്തിന് വഴിയൊരുക്കി. ന്യൂനപക്ഷ വോട്ടുകള്‍ അധികമില്ലാത്തിടത്തും തോല്‍വിയുണ്ടായെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. ഹിന്ദുവോട്ടുകളിലും കുറവുണ്ടായി. ശബരിമല വിഷയവും കാരണമായിരിക്കാമെന്നും യോഗം വിലയിരുത്തി. തോല്‍വി വിശദമായി സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തില്ല.

ശബരിമല വിഷയം ഇടതുമുന്നണിയുടെ വോട്ട് കുറച്ചിട്ടുണ്ട്. പാര്‍ട്ടിക്കും മുന്നണിക്കും ലഭിക്കേണ്ട ഹിന്ദു വോട്ടുകളിലും കാര്യമായ ചോര്‍ച്ചയുണ്ടായി. കാസര്‍ഗോഡ് മുതല്‍ എല്ലാ മണ്ഡലങ്ങളിലും ഇത്തരം പ്രവണതകള്‍ കാണാമെന്നും യോഗം വിലയിരുത്തി.  മെയ് 31 നും ജൂണ്‍ 1 നും ചേരുന്ന സംസ്ഥാന സമിതിയില്‍ കൂടുതല്‍ ചര്‍ച്ചകളുണ്ടാകും.

2014 ല്‍ ലഭിച്ചതിനേക്കാള്‍ വോട്ടു വിഹിതത്തില്‍ കുറവുണ്ടായത് പാര്‍ട്ടിയുടെ ജനകീയ അടിത്തറയെ തന്നെ ബാധിക്കുന്നതാണെന്നും യോഗം അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന വിശ്വാസവും ജനങ്ങളെ സ്വാധീനിച്ചു. ന്യൂനപക്ഷങ്ങള്‍ ആദ്യം എല്‍ഡിഎഫിനൊപ്പം ഉണ്ടായിരുന്നു. മോദിപ്പേടിയില്‍ അവര്‍ യുഡിഎഫിനൊപ്പം ചേര്‍ന്നുവെന്നും യോഗം വിലയിരുത്തി.