സഹകരണ ബാങ്ക് വായ്പ; രണ്ട് പേജുള്ള ചോദ്യാവലിയുമായി സിപിഎം; പാര്‍ട്ടി അംഗങ്ങളുടെ ബന്ധുക്കളുടെ വായ്പാ വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കും

സഹകരണ ബാങ്ക് തട്ടിപ്പുകള്‍ തീര്‍ത്ത പ്രതിസന്ധി അതിജീവിക്കാനൊരുങ്ങി സിപിഎം. സഹകരണ സ്ഥാപനങ്ങളിലുള്ള വായ്പയുടെ കണക്കുകള്‍ വെളിപ്പെടുത്താന്‍ പാര്‍ട്ടി അംഗങ്ങളോട് നിര്‍ദ്ദേശിച്ച് സംസ്ഥാന കമ്മിറ്റി. സഹകരണ മേഖലയിലെ അഴിമതികളില്‍ നിന്ന് പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നിര്‍ദ്ദേശം.

ഓരോ സിപിഎം അംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഏതൊക്കെ ബാങ്കുകളിലാണ് വായ്പയുള്ളത്, വായ്പ തുക എത്രയാണ്, നിലവില്‍ കുടിശ്ശിക വരുത്തിയിട്ടുണ്ടോ, വായ്പ എങ്ങനെ തിരിച്ചടയ്ക്കും തുടങ്ങി രണ്ട് പേജുകളുള്ള ചോദ്യാവലിയാണ് ഇതിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി നല്‍കിയിട്ടുള്ളത്.

രണ്ട് പേജുള്ള ചോദ്യാവലി ഉടന്‍ പൂരിപ്പിച്ച് ജില്ലാ കമ്മിറ്റിക്ക് കൈമാറാനാണ് സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശം. സിപിഎം അംഗത്തിന്റെ അച്ഛന്‍, അമ്മ, ഭാര്യ, മക്കള്‍, ബന്ധുക്കള്‍ എന്നിവര്‍ എത്ര വായ്പ എടുത്തു എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കണം. ബന്ധുക്കളുടെ വിവരങ്ങള്‍ പ്രത്യേകം നല്‍കണം.

ബന്ധുക്കള്‍ വായ്പ എടുത്തിട്ടുണ്ടെങ്കില്‍ അതില്‍ കുടിശ്ശിക വരുത്തിയിട്ടുണ്ടോ, തിരിച്ചടയ്ക്കാനുള്ള വരുമാനം, ബാങ്കിന് ഈട് നല്‍കിയ വസ്തു തുടങ്ങിയ വിവരങ്ങളും നല്‍കണം. 2019ലെ പാര്‍ട്ടി നിര്‍ദ്ദേശം അനുസരിച്ച് സഹകരണ ബാങ്കുകളില്‍ ഭരണസമിതി അംഗങ്ങളാകുന്ന പാര്‍ട്ടി അംഗങ്ങളും കുടുംബവും ബന്ധുക്കളും ആ ബാങ്കില്‍ നിന്ന് വായ്പയെടുക്കരുത്.