വ്യാജനിര്‍മ്മിതികളില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ ഇല്ലാതാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട; ലോകായുക്ത നടപടിയെ സ്വാഗതം ചെയ്ത് സിപിഎം

എല്‍ഡിഎഫ് സര്‍ക്കാരിനെതിനെതിരെ യുഡിഎഫും ബിജെപിയും നിരന്തരം നടത്തുന്ന കള്ളപ്രചാരവേലയുടെ മറ്റൊരുമുഖമാണ് ദുരിതാശ്വാസനിധി കേസ് വിധിയിലൂടെ തെളിഞ്ഞതെന്ന് സിപിഎം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണം ചെയ്തതിനെതിരായ ഹര്‍ജി ലോകായുക്ത തള്ളിയ നടപടി അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്. അടിസ്ഥാനമില്ലാത്ത വാദങ്ങള്‍ ഉന്നയിച്ച് പരാതികള്‍ നല്‍കി നിയമസംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് സര്‍ക്കാരിനെതിരായ ചര്‍ച്ചകള്‍ക്കും വ്യാജപ്രചാരണങ്ങള്‍ക്കും അവസരമൊരുക്കുകയാണ്.

കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ നേരിട്ടും അല്ലാതേയും നടത്തുന്ന ഈ നീക്കങ്ങളെല്ലാം കോടതികളില്‍ പരാജയപ്പെട്ടതിന് നിരവധി ഉദാഹരണങ്ങള്‍ അടുത്തകാലത്തുണ്ടായി.

സര്‍വകലാശാലയിലെ കോണ്‍ഗ്രസ് സംഘടനാ നേതാവയിരുന്നയാളാണ് ലോകായുക്തയില്‍ ഹര്‍ജി നല്‍കിയത്. വസ്തുതയുമായി ബന്ധമില്ലാത്ത, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരാതികളാണിവ. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് ഇദ്ദേഹം നേരത്തെ നല്‍കിയ ഹര്‍ജികളും സമാനസ്വഭാവമുള്ളതായിരുന്നു. അവയും തള്ളിപ്പോയിരുന്നു. ദുരിതാശ്വാസ നിധി കേസില്‍ ഹര്‍ജിക്കാരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും തെളിവില്ലെന്നാണ് ലോകായുക്ത വിധി.

സ്വജനപക്ഷപാതമോ നീതിനിഷേധമോ കണ്ടെത്താന്‍ കഴിഞ്ഞില്ല. പൊതുപണം വിനിയോഗിക്കുന്നതിന് മന്ത്രിസഭയ്ക്കുള്ള അധികാരത്തെ ചോദ്യം ചെയ്യാനും കഴിയില്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിലെ മന്ത്രിസഭയെ തന്നെ ചോദ്യം ചെയ്യുന്ന ഇത്തരം നീക്കങ്ങള്‍ കേവലം ഹര്‍ജിക്കാരന്റെ മാത്രം താല്‍പര്യമല്ലെന്നും ഗൂഢമായ രാഷ്ട്രീയ നീക്കങ്ങള്‍ പിന്നിലുണ്ടെന്നും വ്യക്തമാണ്.

ഹര്‍ജിയുടെ പേരുപറഞ്ഞ് മുഖ്യമന്ത്രിയേയും എല്‍ഡിഎഫ് സര്‍ക്കാരിനേയും തേജോവധം ചെയ്തുവരികയായിരുന്നു കോണ്‍ഗ്രസും ബിജെപിയും ഒരുപറ്റം മാധ്യമങ്ങളും. വിധി പ്രസ്താവം കോള്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവ് അടക്കം എത്തിയതും ഹര്‍ജിക്ക് പിന്നിലെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ തുറന്നു കാണിക്കുന്നു.
ഏറ്റവും സുതാര്യമായി നടന്നുവരുന്ന സംവിധാനമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിവിതരണം. ആര്‍ക്കും അറിയാവുന്ന വിധത്തിലും നൂലാമാലകള്‍ ഒഴിവാക്കി സാധാരണക്കാര്‍ക്ക് പ്രാപ്യമാകും വിധത്തിലുമാണ് അതിന്റെ നടത്തിപ്പ്.

എന്നാല്‍, നേരത്തേയും ദുരിതാശ്വാസ നിധി വിതരണം സംബന്ധിച്ച് അനാവശ്യ വിവാദത്തിന് ചിലര്‍ മുതിര്‍ന്നിരുന്നു. കഴമ്പുള്ള ഒരു ആരോപണവും ഉന്നയിക്കാന്‍ പറ്റാത്തതിന്റെ ജാള്യവും സര്‍ക്കാരിന്റെ ജനസമ്മതിയുമാണ് ഒന്നിനുപുറകെ ഒന്നൊന്നായി കള്ള പ്രചാരണങ്ങള്‍ നടത്താന്‍ യുഡിഎഫിനേയും ബിജെപിയേയും പ്രേരിപ്പിക്കുന്നത്. വ്യാജനിര്‍മ്മിതികള്‍ കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിനെ ഇല്ലാതാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല.