ആറ് ദിവസം നീളുന്ന സി.പി.എം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

ആറുദിവസം നീളുന്ന സിപിഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് തിരുവനന്തപുരത്ത് ഇന്ന് തുടക്കമാകും. ആദ്യ മൂന്നു ദിവസം സെക്രട്ടറിയേറ്റും തിങ്കള്‍ മുതല്‍ മൂന്നു ദിവസം സംസ്ഥാന സമിതിയും യോഗം ചേരും. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും.

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍, പാര്‍ട്ടി തലത്തിലെ വീഴ്ചകള്‍കള്‍ക്കുള്ള തിരുത്തല്‍ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവയാണ് നേതൃയോഗങ്ങളുടെ മുഖ്യ അജണ്ട. സംസ്ഥാനമൊട്ടാകെ നടത്തിയ ഗൃഹസന്ദര്‍ശനപരിപാടിയിലൂടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ജില്ലാ തലത്തില്‍ അവലോകന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരുന്നു.

ഇത് ജില്ല തിരിച്ച് വിശദമായി ചര്‍ച്ച ചെയ്യും. ആറുനിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കങ്ങളും നേതൃയോഗങ്ങളില്‍ ചര്‍ച്ച ചെയ്യും.