മന്‍സൂര്‍ വധത്തിന് പിന്നില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗം പനോളി വത്സൻ: കെ. സുധാകരന്‍

കണ്ണൂര്‍ പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം പനോളി വത്സനാണെന്ന് കെ സുധാകരന്‍ എംപി. കൊലപാതകത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. പനോളി വത്സനെ ഗൂഢാലോചനക്കേസില്‍ പ്രതി ചേര്‍ക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. കൂത്തുപറമ്പിലെ സിപിഎം നേതാവ് പനോളി വത്സനായിരുന്നു പാനൂരിലെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചുമതല.

തിരഞ്ഞെടുപ്പില്‍ വിചാരിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ പറ്റാത്തതിന്റെ നിരാശയിലാണ് മന്‍സൂറിനെ കൊലപ്പെടുത്തിയത്. ഇത്തരം പ്രകോപനം ഇനിയും എല്‍ഡിഎഫ് ആവര്‍ത്തിച്ചാല്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍കൂട്ടി പ്രഖ്യാപിച്ചാണ് കൊലപാതകം നടത്തിയത് എന്നത് ഗൂഢാലോചന അതിന്റെ പുറകിലുണ്ടെന്ന് തെളിയിക്കുന്നു. പാനോളി വത്സന്‍ എന്ന സിപിഎം നേതാവിനാണ് ഇവിടെ തിരഞ്ഞെടുപ്പിന്റെ ചുമതല. ഇതിന് മുമ്പും അക്രമിസംഘത്തെ നയിച്ച രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഉടമയാണ് പനോളി വത്സന്‍. പനോളി വത്സന്റെ ഗൂഢാലോചനയാണ് ഈ കൊലപാതകത്തിന്റെ പിറകിലുള്ള അടിസ്ഥാനകാരണം. പനോളി വത്സനെയടക്കം ഗൂഢാലോചന കേസില്‍ പ്രതിയാക്കണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. പ്രതികളെ പിടിക്കണം, നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അവര്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച സന്ദേശം ഗൂഢാലോചനയുടെ തെളിവാണ്. ആ സന്ദേശത്തെ അടിസ്ഥാനമാക്കി കേസെടുക്കുമ്പോള്‍ നേതൃത്വം കൊടുത്ത പനോളി വത്സന്‍ കേസിലെ പ്രതിയാകണം. ഈ കുടുംബത്തോട് നീതി കാണിക്കാന്‍ പൊലീസ് സംവിധാനം അനുകൂലമായി പ്രതികരിക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു.