രമ്യ ഹരിദാസിനെതിരെ വധഭീഷണി മുഴക്കിയെന്ന പരാതി; ആരോപണം തള്ളി സിപിഎം

ആലത്തൂർ എം.പി രമ്യ ഹരിദാസിനെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണം തള്ളി സി.പി.എം. ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും രമ്യാഹരിദാസ് തെറ്റിദ്ധരിച്ച് തട്ടിക്കയുറകയായിരുന്നുവെന്നും പ്രാദേശിക സി.പി.എം നേതാവ് എം.എ നാസർ പ്രതികരിച്ചു. എം.പിക്ക് ഒപ്പമുണ്ടായിരുന്നവർ തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നും നാസർ ആരോപിച്ചു.

ഞായറാഴ്ച ഉച്ചക്ക് ശേഷം ആലത്തൂര്‍ പോലീസ് സ്‌റ്റേഷന് സമീപത്ത് വെച്ച് സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നായിരുന്നു രമ്യ ഹരിദാസിൻറെ പരാതി.  ആലത്തൂർ ടൗണിൽ ഒരു പരിപാടി കഴിഞ്ഞ് ഓഫീസിലേക്ക് മടങ്ങും വഴി പൊലീസ് സ്‌റ്റേഷന് സമീപം ഹരിതകര്‍മ സേന പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു എം.പി. ഈ സമയം ചില സിപിഎം പ്രവര്‍ത്തകര്‍ തടയാനെത്തി എന്നാണ് രമ്യ ഹരിദാസ് ആരോപിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കും വിധം സംസാരിച്ചുവെന്നും പരാതിയിലുണ്ട്.

ഇനി ഇങ്ങോട്ട് കാലുകുത്താൻ അനുവദിക്കില്ലെന്നും ഭീഷണിമുഴക്കിയെന്നും പരാതിയിൽ പറയുന്നുണ്ട്. ഹരിത കര്‍മ സേന പ്രവര്‍ത്തകരോട് സംസാരിച്ച് വാഹനത്തിലേക്ക് കയറുന്ന സമയത്ത് നജീബ് എന്നയാള്‍ ഇത് “പട്ടി ഷോ” കാണിക്കാനുള്ള സ്ഥലമല്ലെന്ന് പറഞ്ഞുവെന്നും രമ്യ ഹരിദാസ് എംപി പറയുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി രമ്യ ഹരിദാസ് എംപി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകിയാണ് എംപി ഓഫീസിലേക്ക് മടങ്ങിയത്.