ലോക്സഭാ തിരഞ്ഞെടുപ്പ്; എറണാകുളം പിടിക്കാൻ സഭാ പിന്തുണയുളള സ്ഥാനാർത്ഥിയെ തേടി സിപിഎം; മത്സരത്തിൽ നിന്നൊഴിഞ്ഞ് കെ വി തോമസ്

വരാനിരിക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലം പിടിക്കാനുള്ള നീക്കങ്ങളുമായി സിപിഎം മുന്നോട്ടു പോകുകയാണ്.ശക്തമായ മത്സരമായിരിക്കും എന്നതിനാൽ തന്നെ കരുത്തനായ സ്ഥാനാർഥിക്കായുള്ള അന്വേഷണത്തിലാണ് സിപിഎം ഇപ്പോൾ ഉള്ളത്.പ്രത്യേകിച്ചും സഭാ പിന്തുണയുളള നേതാവിനാണ് മണ്ഡലത്തിൽ മുൻതൂക്കം എന്നിരിക്കെ പാർട്ടി നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്.

കെവി തോമസും,കൊച്ചി എംഎൽഎ കെ.ജെ മാക്സിയുമാണ് ഇടത് നിരയിൽ സഭാ പിന്തുണയുള്ള നേതാക്കൾ. ഇതിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ വി തോമസ് വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ തവണ ഹൈബി ഈഡൻ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.

1991ന് ശേഷം ആദ്യമായി സിപിഎം ക്രൈസ്തവ സഭക്ക് പുറത്ത് നിന്നും സ്ഥാനാർത്ഥിയെ രംഗത്തിറക്കിയ തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ തവണത്തേത്. അന്ന് 169053 വോട്ടിന്‍റെ വ്യത്യാസത്തിലാണ് ഹൈബി ഈഡനോട് പി രാജീവ് കനത്ത തോൽവി ഏറ്റുവാങ്ങിയത്.

ഹൈബി ഈഡൻ 4,91,263 വോട്ട് നേടി. പി.രാജീവ് 3,22,110 വോട്ടാണ് നേടിയത്. ബിജെപി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനത്തിന് 137749 വോട്ടാണ് നേടാനായത്. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ സീറ്റുകളിൽ എറണാകുളം, തൃക്കാക്കര, പറവൂർ, തൃപ്പുണ്ണിത്തുറ എന്നിവിടങ്ങൾ യുഡിഎഫിനൊപ്പമാണ്. കളമശ്ശേരി, കൊച്ചി, വൈപ്പിൻ മണ്ഡലങ്ങൾ എൽഡിഎഫിനൊപ്പവുമാണ്.

2019 ലെ തോൽവി പാഠമായി ഉള്ളതിനാൽ ലത്തീൻ സമുദായത്തിൽ നിന്ന് തന്നെ സ്ഥാനാർത്ഥിയെ തേടുകയാണ് സിപിഎം. എൽഡിഎഫിൽ ലത്തീൻ സഭ സ്ഥാനാർത്ഥി വന്നില്ലെങ്കിൽ പിന്നെ സാധ്യത മേയർ എം അനിൽകുമാറിനാണ്. ബിജെപി സ്ഥാനാർത്ഥിയായി അനിൽ ആന്‍റണി മത്സരിച്ചേക്കും.