ബ്രാഞ്ച് സമ്മേളനവേദിയിലേക്ക് പ്രതിഷേധ മാർച്ചുമായി സിപിഎം പ്രവര്‍ത്തകർ

മലപ്പുറം പുതുപ്പൊന്നാനിയിലെ ബ്രാഞ്ച് സമ്മേളനവേദിയിലേക്ക് സി.പി.എം പ്രവർത്തകരുടെ പ്രതിഷേധം. ടി.എം. സിദ്ദീഖ് അടക്കമുളള പ്രമുഖ നേതാക്കളെ തിരഞ്ഞടുപ്പ് പ്രവർത്തനത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി തരം താഴ്ത്തിയത് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ സമ്മേളനവേദിയിലേക്ക് പ്രകടനവുമായെത്തിയത്.

പുതുപ്പൊന്നാനിയിലെ ബ്രാഞ്ച് സമ്മേളനവേദിയിലേക്ക് സി.പി.എമ്മിന് അനുകൂലമായ മുദ്രാവാക്യം വിളിക്കുകയും അതിന് ശേഷം തങ്ങൾക്ക് ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ട് എന്ന് ആവശ്യപ്പെട്ടുമാണ് പ്രകടനമായെത്തിയ പ്രവർത്തകർ നേതൃത്വത്തെ ചോദ്യം ചെയ്തത്. ടി.എം സിദ്ദീഖ് അടക്കമുള്ള നേതാക്കള്‍ക്കെതിരെ നടപടി എടുത്തതിന്റെ കാരണം നാട്ടുകാരോട് വിശദീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് സാധാരണക്കാരായ പ്രവർത്തകർക്കുള്ളതെന്നും വിശദീകരണം വേണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ബ്രാഞ്ച് കമ്മിറ്റിയിലേക്കാണ് ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടി.എം. സിദ്ദീഖിനെ തരം താഴ്ത്തിയത്. നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥി നിര്‍ണയത്തിന് തൊട്ട്മുമ്പ് ടി.എം. സിദ്ദീഖിന് വേണ്ടി പൊന്നാനി ടൗണില്‍ വന്‍ പ്രകടനം നടത്തിയതിന്റെ പേരിലാണ് ഏരിയ കമ്മിറ്റിയുടെ പരിധിയിലുളള ഒന്‍പത് നേതാക്കള്‍ക്കെതിരെ നടപടി എടുത്തത്.

നേതാക്കൾക്കെതിരെ നടപടിയെടുത്തതിനെ ചോദ്യം ചെയ്ത് നിരവധി സി.പി.എം പ്രാദേശിക നേതാക്കൾ പ്രതിഷേധം തുടരുകയാണ്. 16 കമ്മിറ്റി അംഗങ്ങള്‍ വിട്ടു നിന്നതോടെ വെളിയംകോട് മാട്ടുമ്മല്‍ ബ്രാഞ്ചു സമ്മേളനം മാറ്റി വയ്‌ക്കേണ്ടി വന്നു. പഴഞ്ഞി ബ്രാഞ്ച് സമ്മേളനത്തിനിടെ നാലു പേര്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയിരുന്നു.