'തെറ്റുതിരുത്തല്‍' ചര്‍ച്ച കഴിഞ്ഞപ്പോള്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്ക് ഓണസമ്മാനമായി ഡിന്നര്‍ സെറ്റും മുണ്ടും, വനിതാനേതാക്കള്‍ക്ക് സാരി

സംഘടനാപ്രവര്‍ത്തനത്തിലെ കുറവുകള്‍ പരിഹരിക്കുന്നതിനുള്ള തെറ്റുതിരുത്തല്‍ രേഖ ചര്‍ച്ച ചെയ്ത് കഴിഞ്ഞപ്പോള്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്ക് കനപ്പെട്ട സമ്മാനം. സാധാരണ പുസ്തകങ്ങളും ഡയറിയും പലഹാരങ്ങളും ഉപഹാരമായി ലഭിക്കാറുള്ളിടത്ത് ഇത്തവണ കിട്ടിയത് വമ്പന്‍ ബ്രാന് ന്റെ ഡിന്നര്‍ സെറ്റും മുണ്ടും.

പുരുഷന്‍മാര്‍ക്ക് മേധാവിത്വമുള്ള കമ്മിറ്റിയില്‍ ഉപഹാരം നല്‍കിയപ്പോള്‍ സ്ത്രീകളെയും പ്രമുഖ ഷോറൂമിലെ സാരി നല്‍കി അര്‍ഹമായി പരിഗണിച്ചു. കമ്മിറ്റിയിലെ ഗൗരവമേറിയ ചര്‍ച്ച കഴിഞ്ഞ് നേതാക്കള്‍ ഭാരമേറിയ കവറും താങ്ങിയാണ് പുറത്തുവന്നത്.

പാര്‍ടി മുഖപത്രമായ ദേശാഭിമാനിയാണ് എണ്‍പത് പേരുള്ള സംസ്ഥാന കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഡിന്നര്‍ സെറ്റും മുണ്ടും സാരിയും എല്ലാം സമ്മാനിച്ചത്. ഓണത്തിന് മുന്‍പുള്ള കമ്മിറ്റിയായത് കൊണ്ടാണ് ഓണക്കോടിക്കൊപ്പം ഡിന്നര്‍ സെറ്റും സമ്മാനമായി നല്‍കിയതെന്നാണ് വിശദീകരണം. ചുമന്ന് കൊണ്ടു പോകാന്‍ അല്‍പ്പം പ്രയാസമായിരുന്നെങ്കിലും ഭൂരിപക്ഷം അംഗങ്ങളും സന്തോഷത്തോടെ സമ്മാനം സ്വീകരിച്ചു. അതീവ ഗൗരവക്കാരായ ചുരുക്കം പേര്‍ സമ്മാനം വാങ്ങാതെ സ്വന്തം പ്രതിഛായ കാത്തു. എം.ബി രാജേഷ് എം.സ്വരാജ് എ.പ്രദീപ് കുമാർ എന്നിവരടക്കമുള്ള ചില നേതാക്കളാണ് ഉപഹാരം സ്വീകരിക്കാതിരുന്നത്.

താഴെയുള്ള പാര്‍ടി നേതാക്കളും കമ്മിറ്റികളും മാതൃകാപരമായി പ്രവര്‍ത്തിക്കണം, കുടുംബ ജീവിതവും മാതൃകയാകണം, ആര്‍ഭാടവും ആഡംബരവും ഒഴിവാക്കണം തുടങ്ങിയ കാര്യങ്ങളായിരുന്നു സംസ്ഥാന കമ്മിറ്റിയിലെ ചര്‍ച്ച. തെറ്റുതിരുത്തല്‍ രേഖ നടപ്പിലാക്കണമെന്നും പാര്‍ടി പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കണം തുടങ്ങിയ തീരുമാനങ്ങളും കമ്മിറ്റി കൈക്കൊണ്ടു.

ഇതിന് ശേഷമായിരുന്നു സമ്മാന വിതരണം. കശുവണ്ടിയുമായി ബന്ധപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തുള്ള കമ്മിറ്റി അംഗങ്ങള്‍ കശുവണ്ടി പാക്കറ്റ് ഇടയ്ക്ക് സമ്മാനമായി എത്തിക്കാറുണ്ട്. ഡയറി ഭാരം മാത്രം ചുമന്ന് ശീലമുള്ള സംസ്ഥാന കമ്മിറ്റി നേതാക്കള്‍ക്ക് ഡിന്നര്‍ സെറ്റിന്റെ ഭാരം പുതിയ അനുഭവമായിരുന്നു.