ഫേസ്ബുക്ക് പോസ്റ്റുകള്‍ വിവാദമായതിന് പിന്നാലെ കെകെ ശിവരാമനെ ഇടുക്കി എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. കെകെ ശിവരാമന്‍ മുന്നണി മര്യാദകള്‍ പാലിക്കാതെയുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയെന്നായിരുന്നു സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കെകെ ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഘടകകക്ഷികള്‍ക്ക് ദോഷം ഉണ്ടാക്കിയതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനപ്രകാരമാണ് ശിവരാമനെ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. ശിവരാമന് പകരക്കാരനായി ജില്ലാ സെക്രട്ടറി കെ സലിം കുമാര്‍ കണ്‍വീനറാകും.
അതേസമയം ഇടുക്കി ജില്ലയിലെ സിപിഐ നേതൃത്വത്തിലുള്ള ചിലരുമായി കെകെ ശിവരാമന് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഇതോടെയാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ പ്രശ്നം ചര്‍ച്ച ചെയ്തത്. എന്നാല്‍ തന്നെ നീക്കിയത് പാര്‍ട്ടിയുടെ നയപരമായ തീരുമാനത്തിന്റെ ഭാഗമായാണെന്ന് ശിവരാമന്‍ അറിയിച്ചു.