കോവിഡ് സാമ്പത്തിക പ്രതിസന്ധി; 5600 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

 

കോവിഡ് രണ്ടാം തരംഗത്തില്‍ സാമ്പത്തിക പ്രതിസന്ധി അനുവഭിക്കുന്നവർക്ക് പ്രത്യേക സാമ്പത്തിക പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. 5600 കോടി രൂപയുടെ പ്രത്യേക പാക്കേജ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ചെറുകിട വ്യാപാരികൾ, വ്യവസായികൾ, കൃഷിക്കാർ എന്നിവർ ഉൾപ്പെടെയുള്ളവർക്കാണ് പാക്കേജ് എന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടു ലക്ഷമോ അതിൽ താഴെയോ ഉള്ള വായ്പകളുടെ പലിശയുടെ നാല് ശതമാനം വരെ ആറു മാസത്തേക്ക് സർക്കാർ വഹിക്കും. ഓഗസ്റ്റ് ഒന്ന് മുതല്‍ എടുക്കുന്ന വായ്പകള്‍ക്കാണ് പലിശയില്‍ ഇളവെന്ന് ധനമന്ത്രി പറഞ്ഞു. കോവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് നല്‍കുന്ന വായ്പ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി. എല്ലാ കെഎസ്എഫ്ഇ വായ്പകളുടെയും പിഴപ്പലിശ സെപ്റ്റംബർ വരെ ഒഴിവാക്കി വായ്പ പുനഃക്രമീകരിക്കും. 2000 കോടി രൂപയുടെ പലിശയിളവാണ് പ്രഖ്യാപിച്ചത്. ഒരുലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കും.

സർക്കാർ വാടകയ്ക്ക് നൽകിയ മുറികളുടെ വാടക ജൂലൈ മുതൽ ഡിസംബർ 31 വരെ ഒഴിവാക്കിയതായും മന്ത്രി പ്രഖ്യാപിച്ചു. ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്ക് കെട്ടിട നികുതി ഡിസംബർ വരെ ഒഴിവാക്കിയിട്ടുണ്ട്. വൈദ്യുതി ഫിക്‌സഡ് ചാര്‍ജിലും ഇളവ് വരുത്തും.

ഒരു കോടി രൂപ വരെ വായ്പ അനുവദിക്കുന്ന സ്റ്റാര്‍ട്ടപ്പ് കേരള വായ്പ പദ്ധതി ഉടന്‍ പ്രഖ്യാപിക്കും. അഞ്ച് ശതമാനം പലിശ നിരക്കിലായിരിക്കും വായ്പ. 500 പേര്‍ക്ക് ഒരു വര്‍ഷം വായ്പ നല്‍കും. 5 വര്‍ഷത്തില്‍ 2500 പേര്‍ക്ക് വായ്പ നല്‍കും. 50 വയസില്‍ താഴെയുള്ളവരെ കണ്ടെത്തി പരിശീലനം നല്‍കി പ്രോത്സാഹിപ്പിക്കും.

ഉയര്‍ന്ന പലിശ ഉണ്ടായിരുന്ന മേഖലയില്‍ പലിശ 9.5 ശതമാനത്തില്‍ നിന്ന് 8 ശതമാനമാക്കി കെഎഫ്‌സി കുറച്ചിട്ടുണ്ട്. ഉയര്‍ന്ന പലിശ 12 ശതമാനത്തില്‍ നിന്ന് 10.5 ശതമാനമായി കുറഞ്ഞു. സംസ്ഥാന ധനകാര്യ സ്ഥാപനങ്ങള്‍ ഇളവുകള്‍ വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണത്തിന് 1700 കോടി പെന്‍ഷന്‍ ഇനത്തില്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.