കോവിഡ് പ്രതിസന്ധി; ബ്യൂട്ടി പാർലർ ഉടമ തൂങ്ങിമരിച്ചു

കോവിഡ് പ്രതിസന്ധി മൂലമുണ്ടായ  സാമ്പത്തിക ബാദ്ധ്യത കാരണം ഉടമ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. കൊല്ലം മാടൻനട ഭരണിക്കാവ് റെസിഡൻസി നഗർ-41 പ്രതീപ് നിവാസിൽ ബിന്ദു പ്രദീപാണ് (44) ജീവനൊടുക്കിയത്. കോവിഡ് പ്രതിസന്ധിയിൽ ബ്യൂട്ടി പാർലർ തുറക്കാൻ കഴിയാത്തതിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ബിന്ദു. കൊട്ടിയത്ത് മയ്യനാട് റോഡിൽ വേവ്സ് ഓഫ് ബ്യൂട്ടി സലൂൺ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്.

20 വർഷത്തിലേറെയായി വീടിനോടു ചേർന്ന് ബ്യൂട്ടി പാർലർ നടത്തിയിരുന്ന ബിന്ദു ഒന്നരവർഷംമുമ്പാണ് കൊട്ടിയത്ത് കട വാടകയ്ക്കെടുത്ത് ബ്യൂട്ടി പാർലർ തുടങ്ങിയത്. ഏറെക്കഴിയും മുമ്പേ കോവിഡ് വ്യാപനം കാരണം സ്ഥാപനം അടച്ചിടേണ്ടിവന്നു.

ലക്ഷങ്ങൾ ചെലവഴിച്ച് ഉന്നതനിലവാരത്തിൽ ആരംഭിച്ച സ്ഥാപനം, അടച്ചിടൽ നീണ്ടതോടെ വലിയ ബാദ്ധ്യതയായിമാറി. കിട്ടാനുള്ള തുകകളും മുടങ്ങി. വായ്പകളുടെ അടവ് മുടങ്ങിയതോടെ സാമ്പത്തിക ബാദ്ധ്യത ക്രമാതീതമായി ഉയർന്നു.

ചൊവ്വാഴ്ച രാവിലെ വീടിന്റെ ഒന്നാംനിലയിലാണ് ബിന്ദുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദീപാണ് ഭർത്താവ്. ബിരുദ വിദ്യാർത്ഥികളായ പ്രണവ്, ഭാഗ്യ എന്നിവർ മക്കളാണ്.