ചട്ടം പാലിക്കാതെ കരാര്‍ നല്‍കി; സര്‍ക്കാരിനോട് മാപ്പുപറഞ്ഞ് ഡിജിപി

ചട്ടങ്ങള്‍ പാലിക്കാതെ സാമ്പത്തിക ഇടപാട് നടത്തിയതിന് സര്‍ക്കാരിനോട് മാപ്പു പറഞ്ഞ് ഡി.ജി.പി അനില്‍കാന്ത്. കേരള പൊലീസിന്റെ വെബ്‌സൈറ്റ് നവീകരണത്തിനായി സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കരാറു നല്‍കിയ സംഭവത്തിലാണ് മാപ്പുചോദിച്ചത്. വെബ്‌സൈറ്റ് നവീകരണത്തിനായി നാല് ലക്ഷം രൂപയുടെ കരാറാണ് നല്‍കിയിരുന്നത്.

നവീകരണം വൈകരുതെന്ന് കരുതിയാണ് കരാര്‍ നല്‍കിയപ്പോള്‍ അനുമതിക്ക് വേണ്ടി കാത്തുനില്‍ക്കാതിരുന്നതെന്നാണ് ഡിജിപിയുടെ വിശദീകരണം. ഡിജിപിയുടെ വിശീകരണം തൃപ്തികരമാണ് എന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതേ തുടര്‍ന്ന് തുക ചെലവഴിക്കാന്‍ അനുമതി നല്‍കി.
ചട്ടപ്രകാരം കരാര്‍ നല്‍കുന്നതിന് മുമ്പ് സര്‍ക്കാരിന്റെ അനുമതി തേടണം. അതിന് ശേഷം ടെണ്ടര്‍ ക്ഷണിച്ച്, വകുപ്പുതല ടെക്‌നിക്കല്‍ കമ്മിറ്റി പരിശോധിച്ച്, കമ്മിറ്റിയുടെ അനുമതിയോടെ മാത്രമേ സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കാന്‍ പാടുള്ളൂ.

Read more

ചട്ടം പാലിക്കാതെ കരാര്‍ നല്‍കിയ സംഭവം അടുത്തിടെയാണ് ആഭ്യന്തര വകുപ്പ് കണ്ടെത്തിയത്. 4,01,200രൂപയാണ് ഇതിനായി ചെലവഴിച്ചത്. പിന്നാലെ മാപ്പപേക്ഷിച്ച് ഡിജിപി രംഗത്തെത്തുകയായിരുന്നു. ഇത്തരമൊരു സംഭവം ഇനി ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.