വധഗൂഢാലോചന കേസ്; സായ് ശങ്കറിന്റെ ഫോണുകളും കമ്പ്യൂട്ടറും വിട്ടുനല്‍കണമെന്ന് കോടതി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ പ്രതിയായ ഹാക്കര്‍ സായ് ശങ്കറിന്റെ ഫോണുകളും കമ്പ്യൂട്ടറും വിട്ട് നല്‍കാന്‍ ഉത്തരവിട്ട് കോടതി. ക്രൈം ബ്രാഞ്ച് പിടിച്ചെടുത്ത ഐ ഫോണ്‍, ഐമാക്, ഐ പാഡ് അടക്കം 5 ഇലക്ട്രോണിക് ഉപകരണങ്ങള്‍ തിരികെ നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഇവയുടെ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഉപകരണങ്ങള്‍ തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെച്ചതിന് ശേഷം ഉപകരണം തിരിച്ചെടുക്കാമെന്ന് കോടതി അറിയിച്ചു. ആലുവ കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. സായ് ശങ്കര്‍ ഒളിവിലായിരുന്ന സമയത്ത് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് അന്വേഷണ സംഘം ഇത് പിടിച്ചെടുത്തത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി സമയം നീട്ടി നല്‍കി. ഒന്നരമാസം കൂടിയാണ് സമയം നീട്ടി നല്‍കിയത്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. തുടരന്വേഷണ റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയം 30-ന് അവസാനിച്ചതിനാലാണ് പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം തേടിയത്. ജൂലൈ 15 വരെ അധിക കുറ്റപത്രം നല്‍കാനുള്ള സമയപരിധി നീട്ടി നല്‍കിയത്.

തുടര്‍ അന്വേഷണത്തില്‍ ദിലീപിനും കൂട്ട് പ്രതികള്‍ക്കെതിരെയും നിരവധി കണ്ടെത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ദിലീപിന്റെ ഫോണുകളില്‍ നിന്ന് പിടിച്ചെടുത്ത വിവരങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്നായിരുന്നു പ്രതിഭാഗം ആവശ്യപ്പെട്ടത്. തുടരന്വേഷണത്തിന്റെ ഭാഗമായി കേസില്‍ വിചാരണ അടക്കം നിര്‍ത്തിവയ്ക്കുകയും ചെയ്തു.