വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചന; സ്വപ്നക്ക് നിയമസഹായം നല്‍കുന്നത് പി.സി ജോര്‍ജ്ജാണെന്ന് സരിത

മുഖ്യമന്ത്രി പിണറായി വിജയന് എതിരെയുള്ള സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്തി. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്‍കാന്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജ് സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് മൊഴി. ഈരാറ്റുപേട്ടയിലെ വീട്ടില്‍ വിളിച്ച് പി സി ജോര്‍ജ്ജ് സംസാരിച്ചെന്നും സരിത പറഞ്ഞു.

സ്വപ്‌നയും പി സി ജോര്‍ജ്ജും തമ്മില്‍ ഗൂഢാലോചന നടത്തിയിരുന്നു. ഫെബ്രുവരി മുതല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് തനിക്കറിയാം. ക്രൈം നന്ദകുമാറും സ്വപ്നയും ജോര്‍ജും എറണാകുളത്താണ് കൂടി കാഴ്ച നടത്തിയത്. പി സി ജോര്‍ജ്ജാണ് സ്വപ്‌നയ്ക്ക് നിയമസഹായം നല്‍കുന്നത്. താന്‍ സ്വപ്‌നയോട് സംസാരിച്ചിട്ടില്ല. സ്വപ്നയുടെ കൈവശം തെളിവുകളില്ലെന്ന് ജയിലില്‍ വച്ച് അറിയാവുന്നതിനാല്‍ പിന്‍മാറിയെന്നുമാണ് സരിത മൊഴി നല്‍കിയിരിക്കുന്നത്. എസ് പി മധുസൂദനാണ് മൊഴി രേഖപ്പെടുത്തിയത്.

അതേസമയം ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ ഇന്നലെ സ്വപ്‌ന പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെയും, കോടിയേരി ബാലകൃഷ്ണന്റെയും പണം ബിലീവേഴ്സ് ചര്‍ച്ച് വഴിയാണ് യു.എസിലേക്ക് കടത്തിയതെന്ന് ശബ്ദരേഖ പുറത്തുവിട്ട സമയത്ത് സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു. ഈ കാര്യങ്ങള്‍ ഓഡിയോയിലുണ്ടെന്നും സ്വപ്ന അവകാശപ്പെട്ടു. ഇത് മൂലമാണ് അവരുടെ എഫ് സി ആര്‍ എ രജിസ്ട്രേഷന്‍ റദ്ദാക്കിയതെന്നും സ്വപ്ന മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.

ഒന്നര ദൈര്‍ഘ്യമുള്ള സംഭാഷണമാണ് പുറത്തുവിട്ടത്. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിന്റെ ഓഫിസില്‍ വച്ചാണ് ശബ്ദ രേഖ പുറത്തുവിട്ടത്.