കേരളവര്‍മയിലെ കെഎസ്‌യുവിന്റെ നിയമപോരാട്ടത്തിന് പിന്തുണയെന്ന് കോണ്‍ഗ്രസ്; എസ്എഫ്‌ഐ വിജയത്തിന്റെ ചെപ്പടി വിദ്യയറിയാമെന്ന് കെ സുധാകരന്‍

കേരളവര്‍മ കോളജിലെ കെഎസ്‌ യു ചെയര്‍മാന്‍ സ്ഥാനാര്‍ഥി ശ്രീക്കുട്ടന്റെ തെരഞ്ഞെടുപ്പ് വിജയം റീ കൗണ്ടിങ്ങിലൂടെ എസ്എഫ്‌ഐ അട്ടിമറിച്ച ജനാധിപത്യവിരുദ്ധ നടപടി അംഗീകരിക്കാനാവില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എസ്എഫ്‌ഐയുടെ ഈ നടപടിക്കെതിരെ കെഎസ്യുവിന്റെ നിയമപോരാട്ടത്തിന് കെപിസിസി എല്ലാ പിന്തുണയും നല്‍കുമെന്നും അദേഹം പറഞ്ഞു.

റീ കൗണ്ടിങ് നടത്തിയപ്പോള്‍ എസ്എഫ്‌ഐക്ക് 11 വോട്ടിന്റെ വിജയം സാധ്യമായതിന് പിന്നിലെ ചെപ്പടിവിദ്യയെന്തെന്ന് കോണ്‍ഗ്രസിന് വ്യക്തമായി അറിയാമെന്നും സുധാകാരന്‍ പറഞ്ഞു.
സിപിഎമ്മിന്റെ അടിമക്കൂട്ടങ്ങളായ അധ്യാപകര്‍ എണ്ണി തോല്‍പ്പിച്ചാല്‍ മാറുന്നതല്ല വിദ്യാര്‍ത്ഥികളുടെ ആ തീരുമാനം. സിപിഎമ്മിന്റെ ക്രിമിനല്‍ പോഷക സംഘടന വിജയിക്കുന്നതുവരെ വോട്ടെണ്ണണം എന്ന രീതിയൊക്കെ എത്രമാത്രം അപഹാസ്യമാണ്, എത്രമാത്രം ജനാധിപത്യ വിരുദ്ധമാണ് എന്ന് കേരളം മനസ്സിലാക്കുക . ഇത് കേവലം ഒരു ക്യാമ്പസ് തെരഞ്ഞെടുപ്പിന്റെ വിഷയമല്ല ജനാധിപത്യവിരുദ്ധരായ ഒരു തലമുറയെ സിപിഎം എങ്ങനെ വാര്‍ത്തെടുക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്. ഈ നാണംകെട്ട പരിപാടിക്ക് നേതൃത്വം കൊടുത്ത അദ്ധ്യാപകരെ പ്രത്യേകം സ്മരിക്കുന്നുവെന്നും അദേഹം പറഞ്ഞു.

അതേസമയം, കേരളവര്‍മ കോളജ് തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് പ്രതിഷേധ സമരങ്ങള്‍ തുടരാന്‍ കെഎസ്‌യു തീരുമാനിച്ചു. റീ കൗണ്ടിങ്ങില്‍ കെഎസ്‌യുവിനു ചെയര്‍മാന്‍ സ്ഥാനം നഷ്ടമായതില്‍ കൃത്രിമം നടന്നുവെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിക്കുന്നത്.

ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി ഏഴുമണി മുതല്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫിസിനു സമീപം കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ജനാധിപത്യത്തെ തച്ചുതകര്‍ക്കുന്ന പ്രവണതകളെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നു കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ. യദുകൃഷ്ണനും വ്യക്തമാക്കി.