മുഖ്യമന്ത്രിയുടെ മകളുടെ കല്യാണത്തിന് സ്വപ്ന സുരേഷ്; പ്രചരിക്കുന്നത് വ്യാജ ചിത്രം, ഡി.വൈ.എഫ്.ഐ പരാതി നൽകി

മുഖ്യമന്ത്രിയുടെ മകള്‍ വീണയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പങ്കെടുത്തെന്ന പേരിൽ പ്രചരിപ്പിക്കുന്നത് വ്യാജ ചിത്രം. ‌‌

വിവാഹ ചിത്രത്തില്‍ മന്ത്രി ഇ. പി ജയരാജനും കുടുംബവും നില്‍ക്കുന്ന ചിത്രത്തില്‍ ഇ.പിയുടെ ഭാര്യയുടെ ചിത്രത്തിന് പകരം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ ചിത്രം ചേര്‍ത്ത് മോര്‍ഫ് ചെയ്താണ് പ്രചാരണം.

സംഭവത്തിൽ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ രം​ഗത്തെത്തി. പ്രമുഖ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ കൊല്ലത്തും ഇത് പ്രചരിപ്പിച്ച മറ്റൊരു യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവിനെതിരെ കണ്ണൂരും ഡി.വൈ.എഫ്.ഐ പരാതി നൽകി.

ഈ വ്യാജ ചിത്രം വാട്‍സ്ആപ്പ് വഴിയും മറ്റു സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്ന മറ്റുള്ളവർക്കെതിരെയും സംസ്ഥാനത്ത് പ്രാദേശികമായി പരാതി നൽകുമെന്നും ഡി.വൈ.എഫ്.ഐ അറിയിച്ചു.