ബിജെപിയുടെ വിജയത്തിന് കാരണം കോണ്‍ഗ്രസ്; വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബിജെപി ജയിക്കാന്‍ കാരണം കോണ്‍ഗ്രസാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ എഎപിയാണ് പ്രധാന ശത്രു എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.

ഈ നിലപാടാണ് ബിജെപിക്ക് ജയിക്കാനുള്ള നിലം ഒരുക്കിയതെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസും എഎപിയും ഒന്നിച്ചിരുന്നെങ്കില്‍ 50 ശതമാനം വോട്ട് ലഭിക്കുമായിരുന്നു. എന്നാല്‍ ബിജെപി തോല്‍ക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോലും ഐക്യപ്രസ്ഥാനം രൂപീകരിച്ചില്ലെന്നും രാഹുല്‍ ഗാന്ധി ഉള്‍പ്പടെ നേതാക്കള്‍ വരെ എഎപിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Read more

ഈ തോല്‍വി ഇന്‍ഡ്യ സഖ്യത്തിന് മുഴുവന്‍ വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണമുറപ്പിച്ചിരിക്കുകയാണ് ബിജെപി. നിലവില്‍ ബിജെപി 47 സീറ്റില്‍ മുന്നിലാണ്. 23 സീറ്റിലാണ് ആം ആദ്മിയുടെ ലീഡ്. തുടര്‍ച്ചയായ മൂന്നാം തവണയും കോണ്‍ഗ്രസിന് ഒറ്റ സീറ്റുപോലും നേടാനായില്ല. ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജ്രിവാള്‍ ബിജെപിയുടെ പര്‍വേശ് വര്‍മയോട് തോറ്റു. മുഖ്യമന്ത്രി അതിഷി കല്‍ക്കാജി സീറ്റില്‍ വിജയിച്ചു.