സംസ്ഥാനത്ത് കോൺഗ്രസ്സ് ഇപ്പോൾ നടത്തുന്നത് ജനസേവനം മറന്നുള്ള പി ആർ വർക്ക് എന്ന് വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് ഇപ്പോൾ അരങ്ങേറുന്നത് ഒരു പുതിയ രാഷ്ട്രീയ നാടകമാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ‘ജനസേവനം’ എന്ന വാക്ക് മറന്നുകളഞ്ഞ ഒരു രാഷ്ട്രീയ പാർട്ടിയുടെ പി ആർ തന്ത്രമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മൾ കാണുന്നതെന്നും ഈ തന്ത്രം എത്രമാത്രം ദുർബലമാണെന്ന് മനസ്സിലാക്കാൻ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി എന്നും മന്ത്രി വിമർശനം ഉന്നയിച്ചു.
വോട്ടവകാശം പോലുമില്ലാത്ത, അല്ലെങ്കിൽ വോട്ടർ പട്ടികയിൽ കൃത്യമായ മേൽവിലാസം ചേർക്കാത്തവരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കുന്നുവെന്നും അതിനുശേഷം, നിയമം നിയമത്തിന്റെ വഴിക്ക് പോകുമ്പോൾ, ‘ഞങ്ങളെ മത്സരിപ്പിക്കാൻ അനുവദിക്കുന്നില്ല’ എന്ന് പറഞ്ഞ് നേതാക്കൾ കരഞ്ഞ് നിലവിളിക്കുന്നുവെന്നും വി ശിവൻകുട്ടി പരിഹാസം ഉന്നയിച്ചു. ഇത് ജനാധിപത്യത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും ഇവിടുത്തെ നിയമങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ് ഈ നാടകമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
സംസ്ഥാനത്ത് ഇപ്പോൾ അരങ്ങേറുന്നത് ഒരു പുതിയ രാഷ്ട്രീയ നാടകമാണ്. ‘ജനസേവനം’ എന്ന വാക്ക് മറന്നുകളഞ്ഞ ഒരു രാഷ്ട്രീയ പാർട്ടിയുടെ പി.ആർ. തന്ത്രമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മൾ കാണുന്നത്. ഈ തന്ത്രം എത്രമാത്രം ദുർബലമാണെന്ന് മനസ്സിലാക്കാൻ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി.
– ഒന്ന്: വോട്ടവകാശം പോലുമില്ലാത്ത, അല്ലെങ്കിൽ വോട്ടർ പട്ടികയിൽ കൃത്യമായ മേൽവിലാസം ചേർക്കാത്തവരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കുന്നു.
– രണ്ട്: അതിനുശേഷം, നിയമം നിയമത്തിന്റെ വഴിക്ക് പോകുമ്പോൾ, ‘ഞങ്ങളെ മത്സരിപ്പിക്കാൻ അനുവദിക്കുന്നില്ല’ എന്ന് പറഞ്ഞ് നേതാക്കൾ കരഞ്ഞ് നിലവിളിക്കുന്നു.
ഇത് ജനാധിപത്യത്തോടുള്ള കടുത്ത വെല്ലുവിളിയാണ്. ഇവിടുത്തെ നിയമങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ് ഈ നാടകം.
– ജനങ്ങളുടെ മുന്നിൽ വിശ്വാസ്യതയോടെ നിൽക്കാൻ കഴിവില്ലാത്തതുകൊണ്ടാണോ, കള്ളക്കഥകൾ മെനഞ്ഞ്, ‘ഇരവാദം’ പറഞ്ഞ് ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്നത്?
ഇവർ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. മാധ്യമങ്ങൾ ഈ കെണിയിൽ വീഴരുത്. ഈ വ്യാജ പ്രസ്താവനകളുടെ പിന്നിലെ രാഷ്ട്രീയ താൽപര്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കണം.
നിയമപരമായി ശരിയായ സ്ഥാനാർത്ഥികളെ നിർത്താൻ പോലും ശേഷിയില്ലാത്ത കോൺഗ്രസ് എങ്ങനെയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുന്നത്..!!







