വ്‌ളോഗർ 'ചെകുത്താനെ'തിരെ പരാതി; 'സന്തോഷ് വർക്കിക്കെതിരെ പരാതി നൽകിയ നടിമാരെ അധിക്ഷേപിച്ചു'

സമൂഹ മാധ്യമങ്ങളിൽ ‘ചെകുത്താൻ’ എന്നറിയപ്പെടുന്ന വ്ലോഗർ അജു അലക്‌സിനെതിരെ പരാതി. നടി ഉഷ ഹസീനയാണ് പൊലീസിൽ പരാതി നൽകിയത്. ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ കേസെടുത്ത സംഭവത്തിൽ പരാതി നൽകിയ നടിമാരെ അധിക്ഷേപിച്ചുളള ചെകുത്താന്റെ വീഡിയോയിലാണ് പരാതി.

ആറാട്ടണ്ണനെതിരെ പരാതിപ്പെട്ടവരുടെ അവസ്ഥ കണ്ടല്ലോയെന്നും എത്രപേരാണ് പരാതി കൊണ്ടുപോയത്, എല്ലാവരും തീർന്നുപോകുമെന്നുമാണ് ചെകുത്താൻ യൂട്യൂബ് വീഡിയോയിലൂടെ വെല്ലുവിളിച്ചത്. ഇയാൾക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. പരാതിയും വീഡിയോയിലെ പരാമർശങ്ങളും പരിശോധിച്ച് തുടർ നടപടികൾ എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Read more

സമൂഹ മാധ്യമങ്ങളിലൂടെ നടിമാർക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയതിനാണ് സന്തോഷ് വർക്കിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുപതോളം നടിമാരാണ് സന്തോഷ് വർക്കിക്കെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും ഡിജിപിക്കും ഉൾപ്പെടെ പരാതി നൽകിയത്. തുടർന്നായിരുന്നു അറസ്റ്റ്. ഇയാൾ നിലവിൽ റിമാൻഡിലാണ്.