കാലൊടിഞ്ഞ കുട്ടിയെ നടത്തിച്ച് അധ്യാപിക; ജില്ലാ കളക്ടര്‍ക്ക് പരാതി

കാലൊടിഞ്ഞ കുട്ടിയെ അധ്യാപിക നടക്കാന്‍ നിര്‍ബന്ധിച്ചതായി പരാതി. ക്ലാസ് മുറിയില്‍ കളിക്കുന്നതിനിടെയാണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കാലൊടിഞ്ഞത്. വീഴ്ചയില്‍ കാലിന് സാരമായി പരിക്കേറ്റിരുന്നു. കാലിന്റെ എല്ലില്‍ മൂന്നിടത്ത് പൊട്ടലുണ്ടായിരുന്നു.

കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ അധ്യാപിക പ്രാഥമിക ചികിത്സ പോലും നല്‍കാതെ മുകളിലെ ക്ലാസ് മുറിയില്‍ നിന്ന് താഴേക്ക് നടത്തിക്കുകയായിരുന്നു. നടന്നതിനെ തുടര്‍ന്ന് കുട്ടിയുടെ എല്ലുകള്‍ക്ക് വിടവുണ്ടാവുകയും ഒടിവ് കൂടുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

കുട്ടി വീണ വിവരം അധ്യാപികയോ പ്രധാന അധ്യാപികയോ കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചില്ല. സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ പറഞ്ഞറിഞ്ഞിട്ടാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. വീട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.

പരിശോധനയ്ക്ക് ശേഷം എടുത്ത എക്‌സറേയിലാണ് എല്ലുകള്‍ക്ക് പൊട്ടലുകള്‍ ഉള്ളതായി കണ്ടെത്തിയത്. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യഭ്യാസ ഡയറക്ടറോട് കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ കുട്ടിയുടെ മാതാവ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

പരുക്കേറ്റ കുട്ടിയുടെ അഭിനയമാണെന്ന് പറഞ്ഞ് അധ്യാപകര്‍ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും പരാതിയില്‍ പറയുന്നു. ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന എട്ടു വയസുകാരനാണ് ചികിത്സയില്‍ കഴിയുന്നത്. ഒരു മാസത്തോളം വിശ്രമം വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു.