സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചു; വര്‍ഗീയ വാര്‍ത്തകള്‍ നല്‍കി; ജനം ടിവിക്കെതിരെ കേസെടുത്ത് പൊലീസ്

കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വര്‍ഗീയ വാര്‍ത്തകള്‍ നല്‍കിയെന്ന പരാതിയില്‍ സംഘപരിവാര്‍ ചാനലായ ജനം ടിവിക്കെതിരെ കേസെടുത്തു. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ പാരതിയിലാണ് എറണാകുളം സിറ്റി പൊലീസ് കേസെടുത്തത്. ജനം ടിവി റിപ്പോര്‍ട്ടര്‍ക്കെതിരെയാണ് കേസെടുത്തത്.

സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കുന്ന രീതിയില്‍ പ്രകോപനപരമായ വാര്‍ത്തകള്‍ ചാനല്‍ വഴി പ്രചരിപ്പിച്ചു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ജനം ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം നടത്തിയതിന് കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.

അതേസമയം, മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വതിയ്ക്കും റിപ്പോര്‍ട്ടര്‍ ചാനലിനുമെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കളമശ്ശേരി സ്വദേശി യാസീന്‍ അറാഫത്തിന്റെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

യാസീന്‍ അറാഫത്ത് നല്‍കിയ പരാതിയില്‍ തൃക്കാക്കര പൊലീസ് 153, 153എ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേരളത്തിന്റെ മത സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുന്ന തരത്തില്‍ സുജയ പാര്‍വതിയും റിപ്പോര്‍ട്ടര്‍ ചാനലും വിദ്വേഷ പ്രചാരണം നടത്തിയെന്നതാണ് പരാതി. കളമശ്ശേരി സ്ഫോടനത്തിന് ശേഷം പാലസ്തീന്‍ വിഷയവുമായി ബന്ധപ്പെടുത്തി ചാനല്‍ മുസ്ലീം സമുദായത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയതായി പരാതിയില്‍ ആരോപിക്കുന്നു.