നിറം മങ്ങി എന്‍ഡിഎ പദയാത്ര; ക്യാപ്ടനെ ഡല്‍ഹിയ്ക്ക് വിളിപ്പിച്ച് നേതൃത്വം

എന്‍ഡിഎ പദയാത്രയ്ക്ക് കേരളത്തില്‍ നിറം മങ്ങുന്നു. തുടക്കം മുതല്‍ വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന എന്‍ഡിഎ പദയാത്രയില്‍. ജാഥയുടെ പ്രചരണഗാനത്തിലെ കേന്ദ്ര വിരുദ്ധ പരാമര്‍ശവും ഉച്ചഭക്ഷണത്തില്‍ ജാതി വിവേചനവും പ്രതിഫലിച്ചതിന് പിന്നാലെ കൊച്ചിയില്‍ പുനഃരാരംഭിച്ച പദയാത്ര അക്ഷരാര്‍ത്ഥത്തില്‍ നിറം മങ്ങി.

ജാഥ ക്യാപ്ടന്‍ കെ സുരേന്ദ്രന്‍ എംടി രമേശിനെ പകരക്കാരനാക്കി ഡല്‍ഹിയിലേക്ക് കൂടി പോയതോടെ പദയാത്ര വെറും കാല്‍നട യാത്രയായി മാറി. പദയാത്രയ്ക്ക് ജനപങ്കാളിത്തം ഉറപ്പിക്കാന്‍ സംസ്ഥാന നേതൃത്വത്തിനും സാധിച്ചില്ല. ശനിയാഴ്ച എറണാകുളത്ത് നടത്തിയ യാത്ര മധ്യപ്രദേശ് മന്ത്രി കൈലാസ് വിജയ വര്‍ഗിയ ഉദ്ഘാടനം ചെയ്തു.

രാജേന്ദ്ര മൈതാനം മുതല്‍ വൈറ്റില വരെ നടത്തിയ യാത്രയില്‍ ബിജെപി പ്രവര്‍ത്തകര്‍ മാത്രമായിരുന്നു പങ്കെടുത്തത്. പദയാത്രയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് മറുപടി പറയാന്‍ കൂട്ടാക്കിയതുമില്ല. പദയാത്ര സംഘാടക സമിതിയില്‍ കൃഷ്ണദാസ് പക്ഷത്തുള്ളവര്‍ക്ക് കാര്യമായ പ്രാതിനിധ്യം നല്‍കാത്തതിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. കൃഷ്ണദാസ് പക്ഷത്തിന്റെ പങ്കാളിത്തവും പദയാത്രയില്‍ നന്നേ കുറവായിരുന്നു.