മുഖ്യമന്ത്രിയുടെ കുടുംബവുമായി സ്വപ്‌ന സുരേഷിന് അടുത്ത ബന്ധം; ആരോപണവുമായി ബി.ജെ.പി

Advertisement

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബവുമായി അടുത്ത ബന്ധമെന്ന ആരോപണവുമായി ബി.ജെ.പി വക്താവ് സന്ദീപ് വാര്യർ രം​ഗത്ത്. കേസിൽ മുഖ്യമന്ത്രിയുടെ മകളെയും മരുമകനെയും അന്വേഷണസംഘം ചോദ്യം ചെയ്യണമെന്നും സന്ദീപ് വാര്യർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ കുടുംബവുമായും സ്വപ്‌ന സുരേഷിന് അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ മകൾ സ്വപ്‌ന സുരേഷിനൊപ്പം തിരുവനന്തപുരത്തെ ഒരു ഫർണിച്ചർ കടയിൽ പോയി കല്യാണസമ്മാനമായി ഫർണിച്ചറുകൾ വാങ്ങിയെന്ന് സന്ദീപ് വാര്യർ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹദിവസവും തലേദിവസവുമുള്ള ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ‌ഇത് വ്യക്തമാകും. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന്റെ എഡിറ്റ് ചെയ്യാത്ത വീഡിയോ ജനങ്ങൾക്കു മുന്നിൽ വെയ്ക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മാനസികനില തകരാറിലാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. ഷോക്കടിപ്പിക്കുകയോ നെല്ലിക്കാത്തളം വെയ്ക്കുകയോ വേണം. മനോനില തകർന്ന മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് സംസ്ഥാനത്തിന് നല്ലതല്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.