മലയാള സിനിമയുടെ വലിയ നഷ്ടം; ഡെന്നീസ് ജോസഫ് എഴുത്തിൽ വിസ്മയം തീർത്ത വ്യക്തിയെന്ന് മുഖ്യമന്ത്രി

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

ജനപ്രിയ സിനിമകളുടെ ശിൽപി ആയിരുന്നു ഡെന്നിസ് ജോസഫ്. പ്രേക്ഷകമനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന ഒട്ടേറെ ഹിറ്റ് സിനിമകൾ അദ്ദേഹത്തിന്റേതായുണ്ട്. എഴുത്തിൽ വിസ്മയം തീർത്ത വ്യക്തിയായിരുന്നു.

ചലച്ചിത്ര കലയെ ജനങ്ങൾക്ക് കൂടുതൽ സ്വീകാര്യമാക്കുന്ന സംഭാവനയാണ് ശ്രദ്ധേയമായ തിരക്കഥകളിലൂടെ അദ്ദേഹത്തിൽ നിന്നും ഉണ്ടായത്.
ഡെന്നിസിന്റെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ്.

അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡെന്നിസ് ജോസഫിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മമ്മൂട്ടിയും മോഹൻലാലും. ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം തന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നെന്ന് മമ്മൂട്ടി പറഞ്ഞു.

തന്റെ വളർച്ചയിൽ ഏറ്റവും വലിയ പങ്കുവഹിച്ച സിനിമകളാണ് ഡെന്നിസ് ജോസഫിന്റേതെന്നും മോഹൻലാൽ പറഞ്ഞു.