മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക്; എല്ലാ ചെലവും സർക്കാർ വഹിക്കും

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നു. ഈ മാസം പതിനഞ്ചിനാണ്‌ അമേരിക്കയിൽ പോകുന്നത്. നേരത്തെ അദ്ദേഹം അമേരിക്കയിൽ ചികിത്സ നടത്തിയിരുന്നു. അതിന് ശേഷമുള്ള തുടർപരിശോധനകൾക്ക് വേണ്ടിയാണ് വീണ്ടും അമേരിക്കയിലേക്ക് പോകുന്നത്. മുഖ്യമന്ത്രിയും ഭാര്യ കമലയും അദ്ദേഹത്തിന്റെ പെർസണൽ അസിസ്റ്റന്റ് വി എം. സുനീഷുമാണ് അമേരിക്കയ്ക്ക് പോകുന്നത്.

മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്. നേരത്തെ അദ്ദേഹത്തിന് അർബുദ ചികിത്സ നടത്തിയിരുന്നു. ഈ ചികിത്സ വിജയകരമായിരുന്നു. അതിനുശേഷം കൃത്യമായ ഇടവേളകളിൽ ഈ ചികിത്സയുടെ തുടർപരിശോധനകൾ നടത്തണം ഇതിനായാണ് ഇപ്പോൾ അമേരിക്കയിലേക്ക് യാത്രപോകുന്നത്. നവംബർ പകുതിയോടു കൂടി അമേരിക്കയിൽ പോകാനുള്ള ആലോചന ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ ആ സമയത്ത് അവിടെ ഉണ്ടാകാത്തത് കൊണ്ടാണ് യാത്ര മാറ്റി വച്ചത്.

ഈ മാസം 15 മുതൽ 29 വരെയുള്ള ദിവസങ്ങളിലായിരിക്കും മുഖ്യമന്ത്രി അമേരിക്കയിൽ ഉണ്ടായിരിക്കുക. അതിനു ശേഷം 30 ന് മടങ്ങി വരുന്ന തരത്തിലുള്ള യാത്രയാണ് തീരുമാനിച്ചിട്ടുള്ളത്. മിനസോട്ടയിലെ റോചെസ്റ്ററിൽ ഉള്ള മായോ ക്ലിനിക്കിൽ ആണ് മുഖ്യമന്ത്രി തുടർ പരിശോധനകൾക്കായി പോകുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും സർക്കാർ വഹിക്കുമെന്ന് കാണിച്ചു കൊണ്ട് ഇപ്പോൾ ചീഫ് സെക്രട്ടറി വി.പി ജോയ് ഉത്തരവിറക്കിയിട്ടുണ്ട്. യാത്രക്ക് കേന്ദ്ര സർക്കാരിന്റെ അനുമതിക്ക് വേണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ധനകാര്യ മന്ത്രാലയത്തിനും ഉത്തരവിന്റെ പകർപ്പ് ചീഫ് സെക്രട്ടറി അയച്ചിട്ടുണ്ട്.

നേരത്തെ മുഖ്യമന്ത്രിയുടെ ചികിത്സ അമേരിക്കയിൽ നടത്തിയപ്പോഴും സർക്കാർ ആണ് ചികിത്സാചെലവ് വഹിച്ചിരുന്നത്. അതിന് സമാനമായിട്ടുള്ള ഒരു ഉത്തരവാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രി പരിശോധനയ്ക്കായി പോകാനിരുന്നതാണ് എന്നാൽ കോവിഡ് സാഹചര്യത്തെ തുടർന്നാണ് യാത്ര നീണ്ടു പോയത്. ജില്ലാ സമ്മേളനങ്ങളുടെ ഇടയ്ക്കുള്ള ഇടവേളയിലാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്.