യൂത്ത് ലീഗിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തി വീശി പൊലീസ്, ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു

സംസ്ഥാന സര്‍ക്കാരിനെതിരെ യൂത്ത് ലീഗ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പലവട്ടം കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. പൊലീസിനും കടകള്‍ക്കും നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു, സെക്രട്ടറിയേറ്റിലേക്ക് കുപ്പികളടക്കം വലിച്ചെറിഞ്ഞു. ഇതിന് പിറകെയായിരുന്നു പൊലീസ് നടപടി.

ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പതിനൊന്നരയോടെ തുടങ്ങിയ മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് അണിനിരന്നത്. പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് ബാരിക്കേഡുകള്‍ തള്ളി നീക്കാന്‍ ശ്രമിച്ചു. നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

അഴിമതി, തൊഴിലില്ലായ്മ, വിലക്കയറ്റം, ലഹരിമാഫിയ തുടങ്ങി വിവിധ വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ച് പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എയാണ് ഉദ്ഘാടനം ചെയ്തത്.

സംസ്ഥാന അധ്യക്ഷന്‍ പികെ ഫിറോസിന്റെയും പികെ കുഞ്ഞാലിക്കുട്ടിയുടെയും പ്രസംഗം തീര്‍ന്നതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ അക്രമാസക്തരായത്.