ശമ്പള പ്രതിസന്ധി; കെ.എസ്.ആര്‍ടി.സി ചീഫ് ഓഫീസ് വളഞ്ഞ് സി.ഐ.ടിയു

കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സമരം ശക്തമാക്കി തൊഴിലാളി യൂണിയനുകള്‍. തിരുവനന്തപുരത്ത് സിഐടിയു കെഎസ്ആര്‍ടിസിയുടെ ചീഫ് ഓഫീസ് വളഞ്ഞു. ശമ്പള വിതരണം അടക്കമുള്ള പ്രശ്‌നങ്ങളില്‍ പരിഹാരം ആവശ്യപ്പെട്ടാണ് ഉപരോധ സമരം നടത്തുന്നത്. വനിത ജിവനക്കാര്‍ ഉള്‍പ്പെടെ 300ഓളം പേര്‍ സമരത്തില്‍ പങ്കെടുക്കുന്നു.

ചീഫ് ഓഫീസിന്റെ അഞ്ച് ഗേറ്റുകളിലും സിഐടിയു പ്രവര്‍ത്തകര്‍ ഉപരോധിക്കുകയാണ്. ജീവനക്കാരെ ഉള്‍പ്പെടെ ആരെയും ഓഫീസിന് അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെയാണ് സമരം. ഓഫീസിനുള്ളില്‍ നേരത്തെ എത്തിയ കണ്‍ട്രോള്‍റൂം ജീവനക്കാര്‍ മാത്രമാണ് നിലവിലുള്ളത്.

വൈകീട്ട് വരെയുള്ള ഉപരോധ സമരത്തില്‍ ജീവനക്കാരെ ആരെയും ഓഫീസിനകത്ത് കാണാന്‍ അനുവദിക്കില്ലെന്ന് നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സമരം സര്‍വീസുകളെ ബാധിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. നാളെ ഐഎന്‍ടിയുസിയും ചീഫ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ബിഎംഎസ് കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുകയാണ്.

സിഐടിയു ഒഴികെയുള്ള മറ്റ് തൊഴിലാളി സംഘടനകള്‍ ഈ ആഴ്ച യോഗം ചേര്‍ന്ന് പണിമുടക്ക് തിയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇരുപത്തിയേഴാം തിയതി ഗാതാഗത മന്ത്രി ആന്റണി രാജു യൂണിയന്‍ നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.