ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച് സിഐ; ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെയായിരുന്നു സംഭവം

എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തതിനു പിന്നാലെ എത്തിയ ഗർഭിണിയായ ഭാര്യയുടെ മുഖത്തടിച്ച് സിഐ പ്രതാപചന്ദ്രൻ. 2024 ജൂൺ 20 നായിരുന്നു സംഭവം. ഷൈമോള്‍ എന്ന യുവതിക്കായിരുന്നു മര്‍ദനമേറ്റത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.

” വീടിന് സമീപത്തെ ഒരു സ്ഥാപനത്തില്‍ രണ്ട് പേര്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നുവെന്നും അവരെ പൊലീസ് എത്തി പിടിച്ചുകൊണ്ടുപോയതായും ഷൈമോളുടെ ഭര്‍ത്താവ് പറഞ്ഞു. രക്ഷിക്കണം എന്ന് പറഞ്ഞ് അവര്‍ നിലവിളിക്കുന്നുണ്ടായിരുന്നു. ഇത് കേട്ട് താനും ഭാര്യയും അവിടേയ്ക്ക് പോയി. തങ്ങളെ കണ്ട പൊലീസുകാര്‍ അവിടെ നിന്ന് പോകണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് തങ്ങള്‍ അവിടെ നിന്ന് മാറി നില്‍ക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇതാണ് പ്രശ്‌നമായത്. തൊട്ടടുത്ത ദിവസം എഫ്‌ഐആര്‍ പോലുമിടാതെ തന്നെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ഡ്യൂട്ടി തടസപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് അവര്‍ പറഞ്ഞത്”

” സ്റ്റേഷനില്‍ നിന്ന് തങ്ങളുടെ വീട്ടിലേയ്ക്ക് അധികം ദൂരമില്ല. പറഞ്ഞാല്‍ ഹാരജാരാകാവുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ യാതൊരു അറിയിപ്പുമില്ലാതെ പിടിച്ചുകൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. തന്നെ പിടിച്ചുകൊണ്ടുപോകുന്നതുകണ്ടാണ് ഷൈമോള്‍ സ്‌റ്റേഷനിലേക്ക് എത്തിയത്. അവള്‍ നേരിട്ടത് ക്രൂരമര്‍ദനമാണെന്നും ഭര്‍ത്താവ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് വിവരാവകാശ കമ്മീഷനില്‍ അടക്കം കയറിയിറങ്ങി. വിവരാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനുമെല്ലാം ഡമ്മികളാണ്. നേരിട്ട് കോടതിയില്‍ സമീപിച്ചാല്‍ ന്യായം കിട്ടും” ഷൈമോളുടെ ഭര്‍ത്താവ് വ്യക്തമാക്കി.

Read more

ക്രിമിനൽ സ്വഭാവമുള്ള ഇത്തരം പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി റവാഡ ചന്ദ്രശേഖര്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ദക്ഷിണമേഖല ഐജിയോടാണ് റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ഡിജിപി പറഞ്ഞു.