സഹപാഠികള്‍ വിലക്കിയിട്ടും ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറി; അധ്യാപകരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല; ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയെ കുറ്റപ്പെടുത്തി മന്ത്രി ചിഞ്ചുറാണി

കൊല്ലം തേവലക്കരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തി മന്ത്രി ജെ ചിഞ്ചുറാണി. മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്ന് ചിഞ്ചുറാണി. വിദ്യാര്‍ത്ഥി സഹപാഠികള്‍ വിലക്കിയിട്ടും ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറിയെന്നാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.

കൊച്ചിയിലെ സിപിഐ വനിത സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു മന്ത്രി വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. ഒരു പയ്യന്റെ ചെരിപ്പാണ്. ആ പയ്യനാ ചെരുപ്പെടുക്കാന്‍ ഷെഡിന്റെ മുകളില്‍ കയറി. ചെരിപ്പെടുക്കാന്‍ പോയപ്പോള്‍ കാലൊന്ന് തെന്നി പെട്ടെന്ന് കയറി പിടിച്ചത് വലിയ കമ്പിയിലാണ്. ഇതിലാണ് കറണ്ട് കടന്നു വന്നത്.

കുട്ടി അപ്പോഴേ മരിച്ചു. അത് അധ്യാപകരുടെ കുഴപ്പമൊന്നുമില്ലല്ലോ. പക്ഷെ നമ്മുടെ കുഞ്ഞുങ്ങള്‍ ഇതിന്റെ മുകളില്‍ ഒക്കെ ചെന്ന് കേറുമ്പോള്‍ ഇത്രയും ആപത്തുണ്ടാകുമെന്ന് നമുക്കറിയില്ലല്ലോ. രാവിലെ സ്‌കൂളിലേക്ക് ഒരുങ്ങി പോയ കുട്ടിയാണ്. കുഞ്ഞ് മരിച്ചു വരുന്ന അവസ്ഥ. സഹപാഠികള്‍ പറഞ്ഞിട്ട് പോലും അവന്‍ അവിടെ കയറിയതാണ്. മരണപ്പെട്ട വിദ്യാര്‍ത്ഥിയെ കുറ്റപ്പെടുത്തിയായിരുന്നു മന്ത്രിയുടെ പ്രസംഗം.

Read more

അതേസമയം വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അപകടത്തിന് കാരണം കെഎസ്ഇബിയുടെയും സ്‌കൂള്‍ അധികൃതരുടെയും വീഴ്ചയാണെന്ന് അറിയിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയതിന് പിന്നാലെയാണ് ചിഞ്ചുറാണി വിദ്യാര്‍ത്ഥിയെ കുറ്റപ്പെടുത്തി വിവാദ പരാമര്‍ശം നടത്തിയത്.