ചില്‍ഡ്രന്‍സ് ഹോം കേസ്: ജീവനക്കാര്‍ ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തല്‍

കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികള്‍ ചാടിപ്പോയ സംഭവത്തില്‍ ജീവനക്കാര്‍ ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തല്‍. പൊലീസും വനിത ശിശുക്ഷേമ വകുപ്പും നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. റെസിഡന്‍ഷ്യല്‍ ജോലി ചെയ്യേണ്ട ജീവനക്കാര്‍ മിക്ക ദിവസങ്ങളിലും വീട്ടില്‍ പോയാണ് വന്നിരുന്നത്.

100 പേരെ വരെ താമസിപ്പിക്കാന്‍ സൗകര്യമുള്ളിടത്ത് ആകെ 35 പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നിട്ടും സുരക്ഷ ഉറപ്പാക്കാന്‍ കഴിയാതിരുന്നത് വീഴ്ചയാണ്. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികളുടെ ക്ഷേമത്തിനായുള്ള പരിപാടികളും കുറവായിരുന്നു എന്നാണ് കണ്ടെത്തല്‍.

കഴിഞ്ഞ ബുനാഴ്ചയാണ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പൊലീസ് രണ്ട് പേരെ ബെംഗളൂരുവില്‍ നിന്നും നാല് പേരെ മലപ്പുറം എടക്കരയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഇവരോടൊപ്പം ഉണ്ടായിരുന്ന രണ്ട് യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തിന് പിന്നാലെ ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടിനും പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ കെയറിനുമെതിരെ വനിത ശിശു വികസന വകുപ്പിന്റെ നടപടിയെടുത്തിരുന്നു. ഹോം സൂപ്രണ്ടായ സല്‍മയെ സ്ഥലം മാറ്റി. ചില്‍ഡ്രന്‍സ് ഹോമിലെ മോശം സാഹചര്യം മൂലമാണ് പുറത്തുകടക്കാന്‍ ശ്രമിച്ചത് എന്ന് കുട്ടികള്‍ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. ചില്‍ഡ്രന്‍സ് ഹോമില്‍ അനുഭവിക്കേണ്ടി വന്നത് കടുത്ത മാനസിക പീഡനമാണെന്നും തിരികെ പോകാന്‍ താല്‍പര്യമില്ലെന്നും അവര്‍ പെണ്‍കുട്ടികള്‍ പരാതിപ്പെട്ടിരുന്നു.

Read more

കേസില്‍ ബാലാവകാശ കമ്മീഷന്‍ പെണ്‍കുട്ടികളില്‍ നിന്ന് വിശദമായ മൊഴിയെടുത്തിരുന്നു. കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം പെണ്‍കുട്ടികളെ ജുവനൈല്‍ ജസ്റ്റിസിന് മുന്‍പാകെ ഹാജരാക്കി പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
പെണ്‍കുട്ടികളില്‍ ഒരാളെ നേരത്തെ അമ്മയ്‌ക്കൊപ്പം വിട്ടയച്ചു.