ബാലവേലയെ കുറിച്ച് വിവരം നൽകുന്നവർക്ക് 2500 രൂപ പാരിതോഷികം; മന്ത്രി വീണാ ജോർജ്

ബാലവേലയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 2500 രൂപ പാരിതോഷികം പ്രഖ്യപിച്ച് മന്ത്രി വീണാ ജോർജ്.  സംസ്ഥാനത്ത് നിന്ന് ബാലവേല പൂർണമായും ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും ആരോ​ഗ്യ മന്ത്രി  വ്യക്തമാക്കി. കേരളത്തിൽ ബാലവേല കുറവാണെങ്കിലും ഇതര സംസ്ഥാനങ്ങളിൽ നിന്നും ജോലി ചെയ്യുന്നതിനായി കുട്ടികളെ കൊണ്ടുവരുന്ന സാഹചര്യം നിലവിലുണ്ട്.  ഇതിനെതിരെ കർശന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. ബാലവേല നിയമപരമായി നിരോധിക്കുകയും അത് ക്രിമിനൽ കുറ്റകരമാക്കുകയും ചെയ്തിട്ടുണ്ടന്നും മന്ത്രി പറഞ്ഞു.

പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ മാത്രമേ ബാലവേല പൂർണമായും ഒഴിവാക്കാൻ സാധിക്കൂ. ബാലവേല സംബന്ധിച്ച് വിവരം നൽകുന്ന വ്യക്തിയ്ക്ക് 2500 രൂപ ഇൻസെന്റീവ് നൽകുന്നതിന് വനിതാ ശിശു വികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജൂൺ 12 ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ് മന്ത്രി നിർദേശം നൽകിയത്.

ബാലവേല കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ഊർജിതമാക്കുമെന്നും ബാലവേല കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടിയും വ്യക്തമാക്കിയിരുന്നു. ബാലവേല തടയുന്നതിനു നിയമപ്രകാരമുള്ള പരിശോധനകൾ നടത്തുവാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. തൊഴിലിൽ ഏർപ്പെട്ടിട്ടുള്ള കുട്ടികളെ കണ്ടെത്തിയാൽ പുനരധിവസിപ്പിക്കാൻ നടപടി സ്വീകരിക്കണം.

കുട്ടികൾ ജോലിയിൽ ഏർപ്പെടുന്നത് ശ്രദ്ധയിൽ പെട്ടാൽ തൊഴിൽവകുപ്പ് ഉദ്യോഗസ്ഥരെയോ, ചൈൽഡ് ലൈൻ, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലോ, 0471 2783946 അല്ലെങ്കിൽ 1098 എന്ന നമ്പറുകളിലോ അറിയിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.