ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത് ഡി.ജി.പിയുടെ പേരിലുള്ള ആഡംബര വാഹനം; വീണ്ടും വെട്ടിലായി പൊലീസ്

കേരള പൊലീസിനെ പ്രതിരോധത്തിലാക്കിയ അഴിമതി സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിനു പിന്നാലെ കൂടുതല്‍ ക്രമവിരുദ്ധ നടപടികളുടെ വിവരങ്ങള്‍ പുറത്ത്. ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള ആഡംബര വാഹനമെന്ന് റിപ്പോര്‍ട്ട്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചീഫ് സെക്രട്ടറി വാഹനം വാങ്ങിയത് പോലീസ് നവീകരണ ഫണ്ട് ഉപയോഗിച്ചാണെന്നും ആരോപണം ഉയരുന്നുണ്ട്.

ചീഫ് സെക്രട്ടറി ഉപയോഗിക്കുന്ന കെ.എല്‍ 1 സിഎല്‍ 9663 എന്ന വാഹനം ഡിജിപിയുടെ പേരിലാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. അടുത്തിടെയാണ് ജീപ് കോംപസ് എന്ന ഈ വാഹനം ചീഫ് സെക്രട്ടറി ഉപയോഗിക്കാന്‍ തുടങ്ങിയത്. 2019-ലാണ്‌ ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 15 ലക്ഷത്തിലധികം രൂപ വില വരുന്ന വാഹനമാണിത്. ഈ വാഹനത്തിന്റെ ഉടമ സംസ്ഥാന പൊലീസ് മേധാവിയാണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

പൊലീസ് വകുപ്പിന്റെ വാഹനം ചീഫ് സെക്രട്ടറിക്ക് കൈമാറുകയും അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുകയും ചെയ്യുന്നത് അസാധാരണ നടപടിയാണ്. പൊലീസിന്റെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാഹനം ചീഫ്‌ സെക്രട്ടറിക്ക് കൈമാറി എന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. ചട്ടപ്രകാരം ടൂറിസം വകുപ്പിന്റെ വാഹനം മാത്രമാണ് ചീഫ് സെക്രട്ടറിക്ക് അടക്കം ഉപയോഗിക്കാന്‍ സാധിക്കുക.