മുഖ്യമന്ത്രിക്ക് പ്രിയം മഞ്ഞക്കുറ്റിയും സ്വര്‍ണക്കട്ടിയും: പരിഹസിച്ച് രമേശ് ചെന്നിത്തല

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നേതാവ് രമേശ് ചെന്നിത്തല. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസില്‍ ക്രിമിനല്‍ നടപടി ചട്ടം 164 ാം വകുപ്പു പ്രകാരം കുറ്റസമ്മത മൊഴി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതു കോടതിയലക്ഷ്യമാണെന്നും സ്വര്‍ണക്കള്ളക്കടത്തു കേസില്‍ ഒന്നാം പ്രതി പിണറായി വിജയനാണെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ ഭരണകൂട ഭീകരതയാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കിയതിന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തു. വിജിലന്‍സിന് ആളുകളെ തട്ടിക്കൊണ്ടുപോകാന്‍ എന്തധികാരം. ചില പ്രത്യേക കേസുകളില്‍ അല്ലാതെ വിജിലന്‍സിന് ആളുകളെ കസ്റ്റഡിയില്‍ എടുക്കാന്‍ പോലും അധികാരമില്ല.

പൊലീസിനെ ഉപയോഗിച്ച് കൊണ്ട് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ നടത്തുന്നത് കോടതിയലക്ഷ്യമാണ്. സര്‍ക്കാര്‍ കോടതിയെ അപമാനിക്കുകയാണ്. മഞ്ഞക്കുറ്റിയും സ്വര്‍ണക്കട്ടിയും മുഖ്യമന്ത്രിക്ക് പ്രിയപ്പെട്ടതാണ്.

ആരോപണ വിധേയനായ ഷാജ് കിരണ്‍ ജയ്ഹിന്ദില്‍ ഉണ്ടായിരുന്നോ എന്നറിയില്ല. അയാള്‍ പോയത് മുഖ്യമന്ത്രിക്ക് വേണ്ടിയാണ് എന്നും രമേശ് ചെന്നിത്തല ആരോപിച്ചു.