'ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കുകപ്പലിലെ മലയാളികളെ സുരക്ഷിതമായി തിരിച്ചെത്തിക്കണം'; കേന്ദ്ര സര്‍ക്കാരിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കുകപ്പലിലെ മലയാളികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനാണ് പിണറായി കത്തയച്ചിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും കാലതാമസമില്ലാതെ മലയാളികളെ തിരികെയെത്തിക്കണമെന്നുമാണ് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Read more

അതേസമയം ഇസ്രയേല്‍ ചരക്കുകപ്പലിലുള്ള 17 ഇന്ത്യന്‍ ജീവനക്കാരുടെ സുരക്ഷയ്ക്കും മോചനത്തിനുമായി ഇറാന്‍ അധികൃതരെ വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടിട്ടുണ്ട്. പ്രദേശത്തുള്ള ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ ഇടപെടലില്‍ ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.