മുല്ലപ്പെരിയാറിൽ മരംമുറിക്ക് അനുമതി നൽകിയത് മുഖ്യമന്ത്രിയും അറിഞ്ഞില്ല: മന്ത്രി എ.കെ ശശീന്ദ്രൻ

മുല്ലപ്പെരിയാറിൽ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിച്ച് നീക്കാൻ സംസ്ഥാന വനംവകുപ്പ് തമിഴ്‌നാടിന് അനുമതി നൽകിയത് മുഖ്യമന്ത്രി പിണറായി വിജയൻെറ ഓഫീസ് അടക്കം അറിഞ്ഞില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. തനിക്കോ ജലവിഭവവകുപ്പ് മന്ത്രിക്കോ ഇക്കാര്യമറിയുമായിരുന്നില്ല. മരംമുറിക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി

ഇത്തരം വിഷയങ്ങളിൽ ഉദ്യോഗസ്ഥ തലത്തിൽ മാത്രം തീരുമാനമെടുത്താൽ പോരെന്നും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് & ചീഫ് വൈൽഡ് ലൈഫ് വാർഡനോട് റിപ്പോർട്ട് തേടിയതായും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർനടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മരം മുറിക്കാൻ അനുമതി നൽകിയതിൽ തമിഴ്നാട് മുഖ്യമന്ത്രി എം.​കെ. സ്​​റ്റാ​ലി​ൻ കേ​ര​ള​ത്തി​ന് ന​ന്ദി​യ​റി​യി​ച്ച് പ​ത്ര​ക്കു​റി​പ്പ് ഇ​റ​ക്കി​യ​തോ​ടെ​യാ​ണ് അനുമതി നൽകിയ വി​വ​രം പു​റ​ത്തു​വ​ന്ന​ത്. ചീ​ഫ് പ്രി​ൻ​സി​പ്പ​ൽ ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്​​റ്റ്​​ ബെ​ന്നി​ച്ച​ൻ തോ​മ​സാ​ണ് അ​നു​മ​തി ന​ൽ​കി​യ​തെ​ന്നാ​ണ് ഉ​ത്ത​ര​വി​ലു​ള്ള​ത്.

വി​ഷ​യ​ത്തി​ൽ അഭിപ്രായം തേടി മാ​ധ്യ​മ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് വ​നം​മ​ന്ത്രി എം.​കെ. ശ​ശീ​ന്ദ്ര​ൻ​ പോ​ലും മരം മുറിക്കാൻ അനുമതി നൽകിയ വിവരം അ​റി​യു​ന്ന​ത്. പുതിയ അണകെട്ട് വേണ്ടെന്നും ബേബി ഡാം ബലപ്പെടുത്തിയാൽ മതിയെന്നും തമിഴ്‌നാട് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബേബി ഡാം ബലപ്പെടുത്തിയാൽ മുല്ലപ്പെരിയാരിലെ ജലനിരപ്പ് 152 അടിയാക്കുന്നത് പരിഗണിക്കുമെന്നായിരുന്നു അണക്കെട്ട് സന്ദർശിച്ച ശേഷം തമിഴ്നാട് ജലസേചന വകുപ്പ് മന്ത്രിയുടെ പ്രതികരണം. ഡാം ബലപ്പെടുത്തുന്നതിന് വേണ്ടിയാണ് മരം മുറിക്കുന്നത്. ഇതിനായി തമിഴ്നാട് സർക്കാർ കേരളത്തിന്റെ അനുമതി തേടിയിരുന്നു. തമിഴ്‌നാട് സർക്കാരിന്റെ നിലപാടിന് ശക്തി പകരുന്നതാണ് മരംമുറിക്കാൻ അനുമതി നൽകികൊണ്ടുള്ള കേരളത്തിന്റെ പുതിയ തീരുമാനം.