യുഡിഎഫിന്റെ അവിശ്വാസത്തിന് ബിജെപി പിന്തുണ; ചെങ്ങമനാട് പഞ്ചായത്ത് സിപിഐഎമ്മിന് നഷ്ടമായി

യുഡിഎഫിന്റെ അവിശ്വാസത്തില്‍ ആലുവ ചെങ്ങമനാട് പഞ്ചായത്തിലെ ഭരണം സിപിഐഎമ്മിന് നഷ്ടമായി. യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ ബിജെപി അംഗങ്ങള്‍ പിന്തുണച്ചതോടെയാണ് പഞ്ചായത്ത് ഭരണം സിപിഐഎമ്മിന് നഷ്ടമായത്. അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ പ്രതിപക്ഷം 11 വോട്ട് നേടിയപ്പോള്‍ സിപിഐഎമ്മിന് ആറ് വോട്ട് മാത്രമാണ് ലഭിച്ചപ്പോള്‍,

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 18 അംഗ പഞ്ചായത്തില്‍ സിപിഐഎമ്മിന് ആറ്, യുഡിഎഫിന് ആറ്, ബിജെപിക്ക് അഞ്ച്, എസ്ഡിപിഐ ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. സിപിഐഎമ്മിലെ ആറ് അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തപ്പോള്‍, യുഡിഎഫും ബിജെപിയും പ്രമേയത്തെ അനുകൂലിച്ചു. എസ്ഡിപിഐ അംഗത്തിന്റെ വോട്ട് അസാധുവായി.

പഞ്ചായത്ത് ഭരണത്തിനെതിരായി നിരവധി വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രസിഡന്റ് പി ആര്‍ രാജേഷിനെതിരെ കോണ്‍ഗ്രസിലെ ദിലീപ് കപ്രശേരിയുടെ നേതൃത്വത്തില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുവരെ പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റ് കോണ്‍ഗ്രസിലെ ആശ ഏലിയാസ് വഹിക്കും.