ചെന്താമര ഏക പ്രതി, 133 സാക്ഷികൾ, 30ലേറെ രേഖകൾ; നെൻമാറ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രം തയാറായി, ഇന്ന് സമർപ്പിച്ചേക്കും

പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ കുറ്റപത്രം തയാറായി. കുറ്റപത്രം അന്വേഷണസംഘം ഇന്ന് ആലത്തൂർ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചേക്കും. ചെന്താമര ഏക പ്രതിയായ കേസിൽ പൊലീസുകാർ ഉൾപ്പെടെ 133 സാക്ഷികളാണുള്ളത്. മുപ്പതിലധികം രേഖകളും ഫൊറൻസിക് പരിശോധന ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിലുണ്ട്.

ലക്ഷ്മിയെ ചെന്താമര കൊലപ്പെടുത്തുന്നത് നേരിൽക്കണ്ട ഏക ദൃക്സാക്ഷിയുടെ മൊഴിയും ചിറ്റൂർ കോടതിയിൽ രേഖപ്പെടുത്തിയ എട്ടുപേരുടെ രഹസ്യമൊഴിയും ഉള്ളടക്കമാവും. കൊലപാതകമുണ്ടായി അൻപത് ദിവസം പിന്നിട്ട സാഹചര്യത്തിലാണ് അഞ്ഞൂറിലധികം പേജുള്ള കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം തയാറാക്കിയത്.

Read more

വ്യക്തി വൈരാഗ്യത്തെത്തുടർന്ന് ജനുവരി ഇരുപത്തി ഏഴിനാണ് പോത്തുണ്ടി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ അയൽവാസിയായ ചെന്താമര വെട്ടി കൊലപ്പെടുത്തിയത്. സുധാകരൻ്റെ ഭാര്യ സജിതയെ 2019 ൽ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്താണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്.